അണലി വിഷത്തിന് ഊതി പല്ലെടുക്കുന്ന നാട്ടുചികിത്സ; അവശനിലയിലായ ആദിവാസി ബാലനെ ആശുപത്രിയില്‍ എത്തിച്ചത് മൂന്നാം ദിവസം

അണലി വിഷത്തിന് ഊതി പല്ലെടുക്കുന്ന നാട്ടുചികിത്സ; അവശനിലയിലായ ആദിവാസി ബാലനെ ആശുപത്രിയില്‍ എത്തിച്ചത് മൂന്നാം ദിവസം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: ആദിവാസി ഊരില്‍ പാമ്പുകടിയേറ്റു നാട്ടുചികിത്സയിലായിരുന്ന ബാലന്‍ ഗുരുതരാവസ്ഥയില്‍. നാട്ടു ചികിത്സ ഫലിക്കാത്തതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ മൂന്നാം ദിവസമാണ് ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുക്കാപുഴ ആദിവാസി ഊരിലെ സുബ്രഹ്മണ്യന്റെയും മോളിക്കുട്ടിയുടെയും മകന്‍ പ്രതീഷ് എന്ന ഏഴു വയസുകാരനാണ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ശനിയാഴ്ച രാവിലെയാണ് കുട്ടിക്കു പാമ്പു കടിയേറ്റത്. അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് കടിച്ചത് എന്നാണ് കരുതന്നത്. ഊതി പല്ലെടുക്കുക എന്ന നാട്ടുചികിത്സയാണ് രണ്ടു ദിവസം നടത്തിയത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആദിവാസികള്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. 

തിങ്കളാഴ്ച ഉച്ചയോടെ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിതലെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വിഷം വൃക്കകളെ ബാധിച്ചതിനാല്‍ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com