കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ല ; പിന്തുണ തുടരുമെന്ന് കെ സുധാകരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2018 05:33 PM |
Last Updated: 04th April 2018 05:33 PM | A+A A- |

തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ലെന്ന് കെ സുധാകരന്‍. ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായ നേട്ടമുണ്ടായില്ല. സമരത്തെ യുഡിഎഫ് ഇനിയും പിന്തുണയ്ക്കുമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
വയല്‍ക്കിളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, ജാനകി തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വയല്‍ക്കിളികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.