രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു; ഓര്‍മ്മയായത് നൂറ്റാണ്ടു പിന്നിട്ട സോപാന സംഗീതസപര്യ

സോപാനസംഗീതത്തില്‍ കുലപതിയായ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു
രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു; ഓര്‍മ്മയായത് നൂറ്റാണ്ടു പിന്നിട്ട സോപാന സംഗീതസപര്യ

കോട്ടയം: സോപാനസംഗീതത്തില്‍ കുലപതിയായ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു.113 വയസ്സായിരുന്നു.ഏറ്റവും കൂടുതല്‍ കാലം കൊട്ടിപ്പാടി സേവ നടത്തിയതിനുളള ബഹുമതി നേടിയ വ്യക്തിയാണ് രാമപുരം പത്മനാഭ മാരാര്‍.പരേതയായ ഭവാനിയമ്മയാണു ഭാര്യ. ഗോപാലകൃഷ്ണന്‍, നാരായണന്‍, ചന്ദ്രമതി, ചന്ദ്രന്‍ എന്നിവര്‍ മക്കള്‍. രാമപുരം ചെറുവള്ളില്‍ മാരാത്താണു പത്മനാഭ മാരാരുടെ കുടുംബം. 1905 ജനുവരി ഒന്നിന്  പാലാ രാമപുരത്തു ചെറുവള്ളില്‍ മാരാത്ത് പാര്‍വതി മാരാസ്യാരുടെയും ചാത്തോത്ത് മാരാത്ത് ശങ്കരമാരാരുടെയും മകനായി ജനനം.

നാലാം ക്ലാസില്‍ പഠനം നിര്‍ത്തി കുലത്തൊഴിലിലേക്ക് മാറി. കുറിച്ചിത്താനം ഏലഞ്ചേരി മാരാത്ത് നാരായണമാരാരെന്ന ഗുരുനാഥന്‍ നാല് ജീവക്കോലും 64 പൊടിപ്പുമുള്ള ഇടയ്ക്ക പത്മനാഭനു നല്‍കി. ക്ഷേത്രാടിയന്തരകലകള്‍ തിരുമാറടി ശങ്കരക്കുറുപ്പില്‍നിന്നു പഠിച്ചെടുത്തു. പാലാ കുഞ്ഞുണ്ണിമാരാരെന്ന ആദ്യ ഗുരുനാഥന്റെ അനുഗ്രഹത്തില്‍ ചെറിയ പഞ്ചവാദ്യത്തില്‍, വീക്കന്‍ ചെണ്ടയില്‍, ഉത്സവപ്പാണിയില്‍ കൊട്ടിപ്പാടിസേവയില്‍ ഒക്കെ കൈതെളിയിച്ചു. കേരളത്തില്‍ തന്റെ കുലത്തൊഴിലില്‍ ഏറ്റവും കാലം പിന്നിട്ട കൊട്ടുകാരണവര്‍ എന്ന പെരുമയോടെയാണു പത്മനാഭ മാരാര്‍ വിടവാങ്ങുന്നത്.

2014 ല്‍ കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്റെ ശാരദശ്ശത പുരസ്‌കാരം, ചേരാനെല്ലൂര്‍ ക്ഷേത്രവാദ്യ ഗുരുകുലം, രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാവേദി, കോഴിക്കോട് കൊമ്മേരി വളയനാട് ദേവസ്വത്തിന്റെ ശക്തിസ്വരൂപിണി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com