സ്വയംഭരണം വേണ്ടെന്നു വച്ച യൂണിവേഴ്‌സിറ്റി കോളജ് മികവിന്റെ പട്ടികയില്‍ മുന്നില്‍: കലാലയങ്ങളുടെ സ്വയംഭരണം കൊണ്ടെന്തു ഗുണം? ചര്‍ച്ച മുറുകുന്നു

സ്വയംഭരണം വേണ്ടെന്നു വച്ച യൂണിവേഴ്‌സിറ്റി കോളജ് മികവിന്റെ പട്ടികയില്‍ മുന്നില്‍: കലാലയങ്ങളുടെ സ്വയംഭരണം കൊണ്ടെന്തു ഗുണം? ചര്‍ച്ച മുറുകുന്നു
സ്വയംഭരണം വേണ്ടെന്നു വച്ച യൂണിവേഴ്‌സിറ്റി കോളജ് മികവിന്റെ പട്ടികയില്‍ മുന്നില്‍: കലാലയങ്ങളുടെ സ്വയംഭരണം കൊണ്ടെന്തു ഗുണം? ചര്‍ച്ച മുറുകുന്നു

കൊച്ചി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ റാങ്കിങ് പുറത്തുവന്നതോടെ കോളജുകളുടെ സ്വയംഭരണപദവിയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ചൂടുപിടിക്കുന്നു. സ്വയംഭരണ പദവി വേണ്ടെന്നു പ്രഖ്യാപിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജാണ് കേന്ദ്ര പട്ടികയില്‍ സംസ്ഥാനത്തെ മികച്ച കലാലയമായി ഒന്നാമതെത്തിയത്. സ്വയംഭരണപദവി നേടി വര്‍ഷങ്ങള്‍ പിന്നിട്ട പല കോളജുകളും പട്ടികയില്‍ ഏറെ പിന്നിലായി. സ്വയംഭരണ പദവി കോളജുകളെ അക്കാദമികമായി ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നുണ്ടോയെന്ന ചര്‍ച്ചയാണ് റാങ്കിങ് പുറത്തുവന്നതോടെ സജീവമായിരിക്കുന്നത്.

ദേശീയതലത്തില്‍ ആദ്യ ഇരുപത്തിയഞ്ചു റാങ്കിനകത്തുവന്ന, സംസ്ഥാനത്തെ ഏക കലാലയമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്. 57.51 പോയിന്റ് നേടി പട്ടികയില്‍ പതിനെട്ടാം സ്ഥാനത്താണ് കോളജ്. സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവുമധികം ചര്‍ച്ചകളില്‍നിന്ന കലാലയമാണ് യൂണിവേഴ്‌സിറ്റി കോളജ്. ഇതു സംബന്ധിച്ച പരിശോധനകള്‍ക്കായി എത്തിയ സംഘത്തെ കോളജില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ സ്വയംഭരണ പദവി വേണ്ടെന്നു തീരുമാനിച്ച കോളജാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മികവിന്റെ പട്ടികയില്‍ സംസ്ഥാനത്ത് ഒന്നാമത് എത്തിയിരിക്കുന്നത്. 

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളജാണ് കേന്ദ്ര പട്ടികയില്‍ കേരളത്തില്‍നിന്ന് രണ്ടാമതുള്ളത്. ദേശീയതലത്തില്‍ മുപ്പത്തിനാലാം സ്ഥാനത്താണ് സെന്റ് ജോസഫ്‌സ് കോളജ്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് പട്ടികയില്‍ മുപ്പത്തിയാറാം സ്ഥാനത്തുണ്ട്. തേവര എസ്എച്ച് കോളജിന് നാല്‍പ്പത്തിയൊന്നാം റാങ്കാണുള്ളത്. രാജഗിരി കോളജ് (43), ടികെഎം എന്‍ജിനിയറിങ് കോളജ് (45),, എസ്ബി കോളജ് (46) എന്നിവയാണ് ആദ്യ അന്‍പതു റാങ്കുകള്‍ക്കകത്തു വരുന്ന, കേരളത്തിലെ മറ്റു കോളജുകള്‍.

ഇരിങ്ങാലക്കുട ക്രൈറ്റ് കോളജ് അറുപത്തിമൂന്നാം സ്ഥാനത്തും പാമ്പാടി കെജി കോളജ് അറുപത്തിയൊന്‍പതാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിനും പിന്നാലായി എഴുപത്തിയാറാം സ്ഥാനത്താണ് എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ സ്ഥാനം. തൃശൂര്‍ വിമല കോളജ്, സെന്റ് തോമസ് കോളജ് എന്നിവ യഥാക്രമം 77, 79 സ്ഥാനങ്ങളിലുണ്ട്. സ്വയംഭരണ പദിവിയുടെ പേരില്‍ ഏറെ സമരങ്ങളും സംഘര്‍ഷങ്ങളുമുണ്ടായ എറണാകുളം മഹാരാജാസ് കോളജ് നാഷനല്‍ ഇന്‍സ്റ്റിറ്യൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിനായി അപേക്ഷിച്ചിട്ടുപോലുമില്ല.

രാഷ്ട്രീയം ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ എല്ലാ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും അനുവദിക്കുന്ന യൂണിവേഴ്‌സിറ്റി കോളജ് മികവിന്റെ കാര്യത്തില്‍ ഒന്നാമത് എത്തിയത് സ്വയംഭരണത്തിന്റെ വക്താക്കളുടെ വാദമുഖങ്ങള്‍ ഒടിക്കുന്നതാണെന്നാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്. സ്വയംഭരണപദവിക്ക് കലാലയത്തിന്റെ അക്കാദമിക് മികവു കൂട്ടുന്നതില്‍ പങ്കൊന്നുമില്ലെന്നാണ് ഇതു തെളിയിക്കുന്നത്. സ്വയംഭരണ പദവിയുടെ ഭാഗമായി പത്തുകോടിയോളം രൂപയുടെ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ മാത്രം എറണാകുളം മഹാരാജാസ് കോളജിനു നല്‍കിയത്. മുപ്പതു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു കോളജിന് മികവിന്റെ പട്ടികയിലേക്ക് അപേക്ഷിക്കാന്‍പോലുമായിട്ടില്ല. വലിയ കെട്ടുകാഴ്ചകളില്ലാതെ പ്രവര്‍ത്തിക്കുന്ന കെജി കോളജ് നഗരത്തിലെ ഏറെ ആഘോഷിക്കപ്പെടുന്ന സ്വയംഭരണ കോളജിനേക്കാള്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയത് സ്വയംഭരണത്തിലൂടെ മികവുണ്ടാവുമെന്ന വാദത്തിന്റെ പൊള്ളത്തരമാണ് വെളിവാക്കുന്നത് എന്നാണ് അവരുടെ പക്ഷം.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പു പ്രസിദ്ധീകരിച്ച നൂറു കോളജുകളുടെ പട്ടികയില്‍ പതിനേഴു കോളജുകളാണ് സംസ്ഥാനത്തുനിന്നുള്ളത്. ഇവരില്‍ ഉള്‍പ്പെട്ട സ്വയംഭരണ പദവിയുള്ള കോളജുകള്‍ ആ പദവി നേടുന്നതിനു മുമ്പുതന്നെ അക്കാദമിക മികവു പ്രകടിപ്പിച്ചിരുന്നവയാണ്. സ്വയംഭരണ പദവി അവയുടെ സ്‌കോറില്‍ വലിയ മാറ്റമൊന്നുമുണ്ടാക്കിയിട്ടില്ലെന്നാണ് പട്ടികയില്‍നിന്നു വ്യക്തമാവുന്നത്. സ്വയംഭരണ പദവിയുടെ പേരില്‍ വിദ്യാര്‍ഥികളില്‍നിന്നുള്‍പ്പെടെ ഇവര്‍ സമാഹരിച്ച പണം കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അക്കാദമിക തലത്തില്‍ എന്തു മാറ്റമാണ് ഉണ്ടാക്കിയതെന്ന ചോദ്യമാണ് സ്വയംഭരണത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com