മെഡിക്കല്‍ പ്രവേശനവുമായി സര്‍ക്കാര്‍ മുന്നോട്ട്, ബില്‍ ഗവര്‍ണര്‍ക്ക് അയച്ചു; കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി

കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.
മെഡിക്കല്‍ പ്രവേശനവുമായി സര്‍ക്കാര്‍ മുന്നോട്ട്, ബില്‍ ഗവര്‍ണര്‍ക്ക് അയച്ചു; കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചാല്ലെ പ്രതികരിക്കാനാകൂവെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഏന്തെങ്കിലും ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നേരത്തെ  180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച ആദ്യദിവസം തന്നെ കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇത് നിലനില്‍ക്കെ കഴിഞ്ഞദിവസം സര്‍ക്കാര്‍ ഇരു കൊളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിന് നിയമസഭയില്‍ ബില്‍ കൊണ്ടുവന്നു. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ,സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

കോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍കൊണ്ടുവന്നതെന്ന് കേസ് പരിഗണിച്ച രണ്ടംഗബഞ്ച് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ഈ ബില്‍ തിരിച്ചയാക്കുവന്നതേയുള്ളു.ഓര്‍ഡിനന്‍സ് ഇറക്കി കോടതി വിധി മറികടക്കാനാകില്ല. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഇതേ പാത പിന്തുടരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. മാനേജ്‌മെന്റുകള്‍ ഹാജരാക്കിയ രേഖകള്‍ മുഴുവന്‍ വ്യാജമാണ്. ഇത് കോടതി നേരിട്ടുകണ്ട് ബോധ്യപ്പെട്ടതാണെന്നും ബഞ്ച് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com