വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ; സെന്‍കുമാറിന് മുഖ്യമന്ത്രിയുടെ മറുപടി

വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ ; സെന്‍കുമാറിന് മുഖ്യമന്ത്രിയുടെ മറുപടി

ആശ്ചര്യകരമായ പ്രസ്താവനയാണ് ഇത്. ഇത് നടപ്പാക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : വയോജനങ്ങളെ സംരക്ഷിക്കലല്ല പൊലീസിന്റെ പണിയെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികര്‍ സംരക്ഷിക്കപ്പെടേണ്ടവരാണ്. പ്രായമായവരെ പരിചരിക്കേണ്ടെന്ന മുന്‍ പൊലീസ് മേധാവിയുടെ പ്രസ്താവന കണ്ടു. ആശ്ചര്യകരമായ പ്രസ്താവനയാണ് ഇത്. ഇത് നടപ്പാക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനമൈത്രി പൊലീസ് സംവിധാനം അനിവാര്യമാണ്. പൊലീസിന്റെ കാര്യക്ഷമതയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രിയുടെ പേരില്‍ പ്രായമായവരെ പരിചരിക്കല്‍ അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊലീസില്‍ അടിച്ചേല്‍പ്പിക്കുന്നത് പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുവെന്നായിരുന്നു സെന്‍കുമാര്‍ അഭിപ്രായപ്പെട്ടത്. 

പൊലീസിന്റെ യഥാര്‍ഥ ഡ്യൂട്ടി മറികടന്നുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. പൊലീസിന്റെ മോശം പെരുമാറ്റത്തിനു കാരണം അമിത ജോലിഭാരം മൂലം സമചിത്തത നഷ്ടപ്പെടുന്നതാണ്. ജനമൈത്രി പൊലീസ് ഗുണകരമാണോയെന്നു സോഷ്യല്‍ ഓഡിറ്റ് നടത്തണം. ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരം പ്രവൃത്തികൊണ്ടു ഗുണമുള്ളൂ.

ജനമൈത്രി പൊലീസിനോട് വിയോജിപ്പാണ്. അതല്ല പൊലീസിന്റെ ഡ്യൂട്ടി. യഥാര്‍ഥ ഡ്യൂട്ടിക്ക് അപ്പുറമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനവും അന്വേഷണവും നടത്താന്‍ പൊലീസിനു സമയമില്ലാതെ വരും. അങ്ങനെ വരുമ്പോള്‍ മുന്നിലെത്തുന്ന നിസ്സഹായരോടു പൊലീസ് മോശമായി പെരുമാറും. ജനമൈത്രിക്കു നല്‍കിയ പകുതി തുകയെങ്കിലും പൊലീസ് സ്‌റ്റേഷനില്‍ അനുവദിച്ചിരുന്നെങ്കില്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com