പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച രണ്ട് എസ്എഫ്‌ഐക്കാര്‍ പിടിയില്‍

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന്റെ യാത്രയയപ്പ് ചടങ്ങിനിടെ, പ്രിന്‍സിപ്പലിനു ആദരാഞ്ജലികള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍  രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍.
പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച രണ്ട് എസ്എഫ്‌ഐക്കാര്‍ പിടിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന്റെ യാത്രയയപ്പ് ചടങ്ങിനിടെ, പ്രിന്‍സിപ്പലിനു ആദരാഞ്ജലികള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍  രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. പടന്നക്കാട് കുറുന്തൂര്‍ മണക്കാല്‍ ഹൗസിലെ എം.പി.പ്രവീണ്‍ (20), രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്ത്ഥി കാഞ്ഞങ്ങാട് കുന്നുമ്മല്‍ കാര്‍ത്തിക ഹൗസിലെ ശരത് ദാമോദര്‍ (20) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അഫ്‌സലിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, അറസ്റ്റിലായ പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്ന പടന്നക്കാട് നെഹ്രു കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ പി.വി. പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. 'ആദരാഞ്ജലി' ബോര്‍ഡ് സ്ഥാപിച്ചതിനു പുറമെ പടക്കം പൊട്ടിക്കലും മധുരപലഹാര വിതരണവുമുണ്ടായിരുന്നു.കഴിഞ്ഞ മാസം 31ന് രാവിലെയായിരുന്നു കോളേജില്‍ യാത്രഅയപ്പ് ചടങ്ങ് ഒരുക്കിയത്. ഇതിനിടെയായിരുന്നു എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെതിരെ ഉപരോധസമരത്തിലായിരുന്നു.

'വിദ്യാര്‍ത്ഥിമനസില്‍ മരിച്ച പ്രിന്‍സിപ്പലിനു ആദരാഞ്ജലികള്‍. ദുരന്തമൊഴിയുന്നു. കാമ്പസ് സ്വതന്ത്രമാവുന്നു. നെഹ്‌റുവിന് ശാപമോക്ഷം' എന്നിങ്ങനെയായിരുന്നു ബോര്‍ഡിലെ എഴുത്തുകള്‍. വിചിത്രപ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദമാവുകയും ചെയ്‌തോടെയാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്.
      

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com