ബിജെപിക്ക് തിരിച്ചടി; ഗൗരിയമ്മ, രാജന്‍ബാബു വിഭാഗങ്ങള്‍ ഒന്നിക്കാന്‍ നീക്കം

എല്‍ഡിഎഫുമായി സഹകരിക്കുന്ന കെ ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസും എന്‍ഡിഎ ഘടകകക്ഷിയായ എ എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുളള ജെഎസ്എസും വീണ്ടും ഒന്നാകാന്‍ സാധ്യത
ബിജെപിക്ക് തിരിച്ചടി; ഗൗരിയമ്മ, രാജന്‍ബാബു വിഭാഗങ്ങള്‍ ഒന്നിക്കാന്‍ നീക്കം

കൊല്ലം: എല്‍ഡിഎഫുമായി സഹകരിക്കുന്ന കെ ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുളള ജെഎസ്എസും എന്‍ഡിഎ ഘടകകക്ഷിയായ എ എന്‍ രാജന്‍ ബാബുവിന്റെ നേതൃത്വത്തിലുളള ജെഎസ്എസും വീണ്ടും ഒന്നാകാന്‍ സാധ്യത. ഇതുസംബന്ധിച്ച് രാജന്‍ബാബു രണ്ടുതവണ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച വീണ്ടും ചര്‍ച്ച നടക്കുമെന്ന്് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ഡിഎ വിടുമെന്ന രാജന്‍ബാബു വിഭാഗത്തിന്റെ പ്രഖ്യാപനവും വൈകാതെയുണ്ടാകും. ഇരുവിഭാഗങ്ങളും വെവ്വേറെ നിന്നാല്‍ ഒരു മുന്നണിയോടും വിലപേശല്‍ ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് രാജന്‍ബാബു . ഇതാണ് ലയനത്തിന് മുന്‍കൈയെടുക്കാന്‍ രാജന്‍ബാബുവിനെ പ്രേരിപ്പിച്ച ഘടകം.

രാജന്‍ബാബുവിനോട് ഗൗരിയമ്മ വിഭാഗം രണ്ടു നിബന്ധനകളാണ് മുന്നോട്ടുവച്ചത്. എന്‍ഡിഎ മുന്നണി വിടുന്നതായി പരസ്യപ്രഖ്യാപനം നടത്തണം. ഗൗരിയമ്മയുടെ നേതൃത്വത്തിലുളള പാര്‍ട്ടിക്കെതിരെ ആലപ്പുഴ കോടതിയില്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കണം. ലയനത്തിനുളള ഫോര്‍മുല തയ്യാറായാല്‍ എന്‍ഡിഎ വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് രാജന്‍ബാബു വിഭാഗം. 

എല്‍ഡിഎഫുമായി സഹകരിക്കാനുളള ഗൗരിയമ്മയുടെ നിലപാടിനോട് വിയോജിച്ചാണ് 2014 ജനുവരിയില്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രാജന്‍ ബാബു, കെ കെ ഷാജു തുടങ്ങിയവരടങ്ങിയ വിഭാഗം പിളര്‍ന്നു മാറിയത്. രാജന്‍ബാബു വിഭാഗം യുഡിഎഫില്‍ തുടര്‍ന്നെങ്കിലും പിന്നിട് പുറത്തായതോടെ ബിഡിജെഎസിന് പിന്നാലെ എന്‍ഡിഎയില്‍ എത്തുകയായിരുന്നു. 

ഗൗരിയമ്മ വിഭാഗം എല്‍ഡിഎഫുമായി സഹകരിക്കുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തതില്‍ അസ്വസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ലയനത്തിലുടെ ശക്തിയാര്‍ജിക്കാനുളള നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com