കപട മതേതരത്വം കേരളത്തില്‍ ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു: ജസ്റ്റിസ് രാമചന്ദ്രന്‍

കപട മതേതരത്വം കേരളത്തില്‍ ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു: ജസ്റ്റിസ് രാമചന്ദ്രന്‍
കപട മതേതരത്വം കേരളത്തില്‍ ഹിന്ദുക്കളെ ഒറ്റപ്പെടുത്തുന്നു: ജസ്റ്റിസ് രാമചന്ദ്രന്‍

കൊച്ചി : കപട മതേതരത്വം ഹിന്ദുക്കളെ സംസ്ഥാനത്ത് ഒറ്റപ്പെടുത്തുകയാണെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍. ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു. സമ്മേളനത്തിന് ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരവും അവകാശവും ഹിന്ദുസമുദായത്തിനു ലഭിക്കുന്നില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ആദിശങ്കരന്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിട്ടില്ല. എഴുത്തച്ഛന്റെ ജന്മനാട്ടില്‍ സ്മാരകം നിര്‍മിക്കാനുമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ ആസൂത്രിതശ്രമം നടക്കുന്നുണ്ടെന്നു സംസ്ഥാന ജന.സെക്രട്ടറി ആര്‍വി ബാബു അഭിപ്രായപ്പെട്ടു. ആദിവാസി, പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണെന്നും ഇത്തരം കേസുകള്‍ പൊലീസ് അട്ടിമറിക്കുകയാണെന്നും അധ്യക്ഷനായിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എംകെ കുഞ്ഞോല്‍ പറഞ്ഞു.

ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, കെ.എന്‍. രവീന്ദ്രനാഥ്, വി. സുശികുമാര്‍, പി.വി. മുരളീധരന്‍, ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു.പട്ടികവിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് സമ്മേളനത്തിന്റെ ഭാഗമായുള്ള ഹിന്ദു നേതൃസമ്മേളനം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com