കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കുരുക്കില്‍ ; മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്തുപേരുടെ പ്രവേശനം റദ്ദാക്കണമെന്ന് മേല്‍നോട്ട സമിതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2018 02:32 PM  |  

Last Updated: 07th April 2018 02:32 PM  |   A+A-   |  


ന്യൂഡല്‍ഹി : കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പത്തുവിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരവെയാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ നടപടി. 

ചട്ടവിരുദ്ധമായാണ് ഈ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. 2016-17 അധ്യയന വര്‍ഷം പ്രവേശനത്തിനായി ഓണ്‍ലൈന്‍ വഴി രേഖകള്‍ നല്‍കേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല. മാത്രമല്ല മാനേജ്‌മെന്റുകളും വിദ്യാര്‍ത്ഥികളും തമ്മില്‍ ഒത്തുകളി നടന്നതായി സംശയമുണ്ട്. പല സാമ്പത്തിക ഇടപാടുകളും നടന്നതായി സംശയമുണ്ടെന്നും സമിതി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ പ്രവേശന നടപടികള്‍ സുതാര്യമാക്കമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി നല്‍കിയ സത്യവാങ്മൂലം ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും.