ദലിത് ഹര്‍ത്താലിന് പിന്തുണയുമായി സജി ചെറിയാന്‍;  ദലിതര്‍ നടത്തുന്നത് ഭരണഘടനാവകാശം സംരക്ഷിക്കാനുള്ള പോരാട്ടം 

തീര്‍ച്ചയായും പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായും ആ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമന വാദികള്‍ക്ക് ഈ മുദ്രാവാക്യത്തോട് ഐക്യദാര്‍ഡ്യപ്പെടാനാവും
ദലിത് ഹര്‍ത്താലിന് പിന്തുണയുമായി സജി ചെറിയാന്‍;  ദലിതര്‍ നടത്തുന്നത് ഭരണഘടനാവകാശം സംരക്ഷിക്കാനുള്ള പോരാട്ടം 

ചെങ്ങന്നൂര്‍: വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ചെങ്ങന്നൂരിലെ ഇടത് സ്ഥാനര്‍ത്ഥി സജി ചെറിയാന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സജി ചെറിയാന്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഉത്തരേന്ത്യയില്‍ ദലിത് ഭാരത ബന്ദില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക എന്നീ മുദ്രാവാക്യങ്ങളാണ് ഹര്‍ത്താലിന് കാരണമായി ഉയര്‍ത്തുന്നത്. തീര്‍ച്ചയായും പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായും ആ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമന വാദികള്‍ക്ക് ഈ മുദ്രാവാക്യത്തോട് ഐക്യദാര്‍ഡ്യപ്പെടാനാവും, സജി ചെറിയാന്‍ പറഞ്ഞു. 

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ദലിത് വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. 12 പേര്‍ ഇതിനകം പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ പ്രതിഷേധത്തില്‍ എല്ലാ പിന്തുണയുണ്ടാകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

സിപിഎം ഇതുവരേയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പട്ടിക ജാതിവര്‍ഗങ്ങള്‍ക്ക് നേരെയുള്ള അധിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടന്ന ഭാരത് ബന്ദിനിടയില്‍ 125 മരണങ്ങള്‍ സംഭവിച്ചതില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com