'സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയിരുന്നു' ; മോര്‍ഫിംഗ് കേസ് പ്രതി ബിബീഷിന്റെ മൊഴി പുറത്ത്

പ്രതി മോര്‍ഫ് ചെയ്ത ചിത്രങ്ങളും, സ്റ്റുഡിയോയില്‍ നിന്ന് പിടിച്ചെടുത്ത ഫോട്ടോകളടങ്ങിയ സിഡിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു
'സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയിരുന്നു' ; മോര്‍ഫിംഗ് കേസ് പ്രതി ബിബീഷിന്റെ മൊഴി പുറത്ത്

കോഴിക്കോട് : സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ഫോട്ടോകള്‍ നിര്‍മ്മിച്ച കേസില്‍ അറസ്റ്റിലായ ബിബീഷിന്റെ മൊഴി പുറത്ത്. സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. സ്ത്രീകളുടെ പേരില്‍ വ്യാജമായി നാല് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഉണ്ടാക്കിയത്. ഇതുവഴി നാട്ടിലെ സ്ത്രീകളുമായി നല്ല ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് അവരില്‍ നിന്നുതന്നെ ഫോട്ടോ ശേഖരിക്കുകയും ചെയ്തു. അതുപയോഗിച്ചാണ് ഫോട്ടോ മോര്‍ഫ് ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. 

പ്രതി ബിബീഷ് വൈക്കലശേരിയിലേക്ക് താമസം മാറിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഈ നാട്ടില്‍ പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ സ്ത്രീകളുടെ പേരില്‍ ആദ്യം രണ്ട് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി. ഇതിലേക്ക് കൂടുതല്‍ ആളുകള്‍ റിക്വസ്റ്റ് അയക്കാന്‍ തുടങ്ങിയതോടെ രണ്ട് അക്കൗണ്ടുകള്‍ കൂടി ഉണ്ടാക്കി. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കൂടുതല്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചു. മോര്‍ഫ് ചെയ്യാനുള്ള ഫോട്ടോ ലഭിച്ചത് വ്യാജ അക്കൗണ്ട് വഴിയാണെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. 

എന്നാല്‍ ബിബീഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിക്കെതിരെ നല്‍കിയിട്ടുള്ള ആദ്യ പരാതിയില്‍, 2015 ല്‍ നാട്ടില്‍ നടന്ന കല്യാണ വീഡിയോയില്‍ നിന്നും ഫോട്ടോ എടുത്താണ് മോര്‍ഫ് ചെയ്തിട്ടുള്ളതെന്ന് യുവതി ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്കില്‍ നിന്നും മാത്രം ചിത്രം എടുത്താണ് മോര്‍ഫ് ചെയ്തിട്ടുള്ളതെന്ന പ്രതിയുടെ മൊഴി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

പ്രതിയില്‍ നിന്നും പിടിച്ചെടുത്ത നാലുഫോട്ടോകള്‍ അന്വേഷണ സംഘം വടകര കോടതിയില്‍ സമര്‍പ്പിച്ചു. മോര്‍ഫ് ചെയ്തു എന്ന് വ്യക്തമായിട്ടുള്ള ചിത്രങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ ബിബീഷ് ജോലി ചെയ്തിരുന്ന സ്റ്റുഡിയോയില്‍ നിന്നും പിടിച്ചെടുത്ത എല്ലാ ഫോട്ടോകളും അടങ്ങിയ ഒരു സിഡിയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് കോടതി ഇവ സി ഡാകിലേക്ക് അയയ്ക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com