പൊലീസിലെ തന്നിഷ്ടക്കാരെ കാണുന്നില്ലേ; ഡിജിപിയോട് ഋഷിരാജ് സിങ്‌

ചില ഉദ്യോഗസ്ഥര്‍ പോലീസിന്റെ പണം പാഴാക്കുകയാണ്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കുമാത്രം പോലീസിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന നില നന്നല്ല
പൊലീസിലെ തന്നിഷ്ടക്കാരെ കാണുന്നില്ലേ; ഡിജിപിയോട് ഋഷിരാജ് സിങ്‌

തിരുവനന്തപുരം:  ചില മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങളുന്നയിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക്  എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് കത്തയച്ചു. ചില ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ പോലീസ് ആസ്ഥാനത്തുള്ളവര്‍ വെറും കാഴ്ചക്കാരാകുന്നുവെന്നും ഋഷിരാജ് സിങ് വ്യക്താമക്കി. ജനമൈത്രി, സ്റ്റുഡന്റ് പോലീസ് പദ്ധതികളുടെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ രാജ്യം ചുറ്റുന്നത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഈ രണ്ടു പദ്ധതികളും സംസ്ഥാന പോലീസിനു പേരുദോഷമാണുണ്ടാക്കിയതെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് എഴുതിയ കത്തിൽ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍പ്പെട്ട ജനമൈത്രി, സ്റ്റുഡന്റ് പോലീസ് പദ്ധതികള്‍ തങ്ങളാണ് കണ്ടുപിടിച്ചതെന്ന് ചില ഉദ്യോഗസ്ഥര്‍ നടിക്കുന്നു. ഈ പദ്ധതികളുടെ പ്രയോജനം ചില ഉദ്യോഗസ്ഥര്‍ക്കുമാത്രം ലഭിക്കുമ്പോള്‍ അവരേക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരവസരവും നല്‍കുന്നില്ല. ഇവ ആ ഉദ്യോഗസ്ഥര്‍ അവരുടെ സ്വന്തം പദ്ധതികളായാണ് ദേശീയ സെമിനാറുകളില്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ ഹൈജാക്ക് ചെയ്യാന്‍ ഇവര്‍ക്കെങ്ങനെ കഴിഞ്ഞു. സ്റ്റുഡന്റ് പോലീസ് പദ്ധതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവര്‍ഷംമുന്‍പ് താന്‍ കത്തുനല്‍കിയിട്ടും പോലീസ് മേധാവി തുടര്‍നടപടി സ്വീകരിച്ചില്ല.

ചില ഉദ്യോഗസ്ഥര്‍ പോലീസിന്റെ പണം പാഴാക്കുകയാണ്. ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ക്കുമാത്രം പോലീസിന്റെ നിയമങ്ങള്‍ ബാധകമല്ലെന്ന നില നന്നല്ല. സ്വന്തം നേട്ടത്തിനായി സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗിക്കുന്ന ഇവര്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാന്‍ യാത്രപ്പടിയും മറ്റ് ആനുകൂല്യങ്ങളും നല്‍കണോ എന്ന് ആലോചിക്കണം. ഈ ഉദ്യോഗസ്ഥരെ പോലീസ് മേധാവി നിയന്ത്രിക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി മഗ്‌സസെ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തട്ടിക്കൂട്ടുകയാണോ ഇവരുടെ ലക്ഷ്യമെന്ന് അന്വേഷിക്കണം.

കേരളത്തിനു പുറത്തുനടക്കുന്ന ക്യാമ്പുകളിലും സെമിനാറുകളിലും പങ്കെടുക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരം ലഭിക്കുന്നില്ല. ദേശീയ പോലീസ് അക്കാദമിയും ദേശീയ പോലീസ് ഗവേഷണകേന്ദ്രവും നടത്തുന്ന പരിശീലന പരിപാടികളില്‍ സ്ഥിരം ആളുകളാണ് കേരളത്തില്‍നിന്ന് പങ്കെടുക്കുന്നത്. ഇവര്‍ നേരിട്ട് ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തങ്ങളെ ക്ഷണിക്കണമെന്ന് ശുപാര്‍ശചെയ്യുന്നു. സംസ്ഥാനം വിട്ടുപോകാന്‍ ഈ ഉദ്യോഗസ്ഥര്‍ പോലീസ് മേധാവിയുടെ അനുമതിപോലും വാങ്ങാറില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് സിങ് കത്തിൽ പറയുന്നു
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com