വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍; പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ റോഡിലിട്ടു മര്‍ദിച്ചു

വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍; പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ റോഡിലിട്ടു മര്‍ദിച്ചു
വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍; പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ റോഡിലിട്ടു മര്‍ദിച്ചു

കൊച്ചി : വരാപ്പുഴയില്‍ യുവാവ് പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ യുവാവിനെ റോഡില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ഇറങ്ങിയതോടെ ദേശീയപാതിയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് പറവൂര്‍ നിയോജക മണ്ഡലത്തിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ രാവിലെ പൂര്‍ത്തിയാക്കും. വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് മരിച്ച ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു.

ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റേഞ്ച് ഐജി പറയുന്നത്. അതേസമയം ഡിജിപിയുടെ നിര്‍ദേശപ്രകാരം യുവാവിന്റെ മരണത്തില്‍ ഐജി അന്വേഷണം ആരംഭിക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഐജിയുടെ റിപ്പോര്‍ട്ടിന് ശേഷം തീരുമാനമുണ്ടായേക്കും.

കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവെന്ന് ബോധ്യപ്പെട്ടെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവന്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മര്‍ദനം ഉണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com