അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് ; പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയില്ലെന്ന് കെപി സതീശന്‍

ബാര്‍ കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് ഭയമാണ് 
അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട് ; പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയില്ലെന്ന് കെപി സതീശന്‍

തിരുവനന്തപുരം : സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതായി അറിയില്ലെന്ന് അഡ്വ കെപി സതീശന്‍. അഴിമതി ആര് കാണിച്ചാലും ശിക്ഷിക്കപ്പെടണമെന്നാണ് നിലപാട്. ബാര്‍ കോഴക്കേസില്‍ മാണിയെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുണ്ട്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമോയെന്ന് വിജിലന്‍സ് നിയമോപദേശകന് ഭയമാണ്. അതുകൊണ്ടാണ് കേസില്‍ താന്‍ ഹാജരാകുന്നതിനെ എതിര്‍ത്തതെന്നും സതീശന്‍ പറഞ്ഞു. 

കേസില്‍ യുക്തമായ നിലപാടാണ് സ്വീകരിച്ചത്. ജൂണ്‍ ആറിന് തന്നെ കേള്‍ക്കുമെന്നാണ് കോടതി ഉത്തരവിട്ടത്. കേസില്‍ കെഎം മാണിക്കെതിരെ തെളിവുണ്ട്. തന്നെ മാറ്റിയാലും തെളിവുകള്‍ പുറത്തുവരിക തന്നെ ചെയ്യുമെന്ന് കെപി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ അഴിമതിക്കൊപ്പമാണോ എന്നതില്‍ പിന്നീട് പ്രതികരിക്കാമെന്നും മാത്യഭൂമി ന്യൂസിനോട് കെപി സതീശന്‍ പ്രതികരിച്ചു. 

ബാര്‍കോഴക്കേസില്‍ കെപി സതീശന്‍ ഹാജരായത് കോടതിയില്‍ നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തന്റെ അറിവോടയല്ലെന്ന നിലപാടെടുത്ത കെ.പി സതീശന്‍ കോടതിയില്‍ ഹാജരാകുന്നത് വിജിലന്‍സ് നിയമോപദേശകന്‍ പി.സി അഗസ്റ്റിന്‍ ചോദ്യം ചെയ്തു. മാണിയുടെ അഭിഭാഷകൻ ഇക്കാര്യം ആവര്‍ത്തിച്ചു.

ഇതോടെ തർക്കമായി.  തുടർന്ന് പി സി അഗസ്റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ.പി സതീശന്‍ നിയമിതനായതിന്റെ രേഖകള്‍ കോടതിക്ക് മുന്നിലുണ്ടെന്നും, അദ്ദേഹം ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും കോടതി ചോദിച്ചു. പ്രതിയുടെ വക്കീലിന് ഇവിടെ എന്ത് കാര്യമെന്നും മാണിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.
 
താന്‍ ഇപ്പോഴും പബ്ലിക്ക് പ്രോസിക്യൂട്ടറാണെന്നും കേസില്‍ ഹാജരാവാനുള്ള അധികാരം തനിക്ക് തന്നെയാണെന്നും കെ.പി സതീശനും വ്യക്തമാക്കി. മാത്രമല്ല വിജിലന്‍സ് നിയമോപദേശകന് നിയമം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കെ.പി സതീശന്‍ ചൂണ്ടിക്കാട്ടി. ബാര്‍ കോഴക്കേസില്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ടിനെതിരെ വിജിലന്‍സ് കോടതിയില്‍  ആറ് ഹര്‍ജികൾ സമർപ്പിക്കപ്പെട്ടു.  തുടർന്ന് കേസ് പരി​ഗണിക്കുന്നത് ജൂൺ ആറിലേക്ക് കോടതി മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com