കെഎസ്ആര്‍ടിസി മാത്രം പോരെന്ന് തച്ചങ്കരി ; പൊലീസിലും ചുമതല നല്‍കി സര്‍ക്കാര്‍

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കണമെന്ന് തച്ചങ്കരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് 
കെഎസ്ആര്‍ടിസി മാത്രം പോരെന്ന് തച്ചങ്കരി ; പൊലീസിലും ചുമതല നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചത് മാത്രം പോരെന്ന് ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയിലേക്ക് മാറ്റിയത് തരംതാഴ്ത്തലായി വിലയിരുത്തപ്പെടും. ഇതിനാല്‍ പൊലീസില്‍ കൂടി ചുമതല നല്‍കണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ മേധാവി സ്ഥാനം കൂടി നല്‍കി സര്‍ക്കാര്‍ 'എല്ലാം ശരിയാക്കി'. 

കെഎസ്ആര്‍ടിസി എംഡി എ ഹേമചന്ദ്രനെ അഗ്നിശമന രക്ഷാസേനയുടെ ചുമതല നല്‍കി മാറ്റിയാണ്, പകരം ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡിയാക്കിയത്. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായി തച്ചങ്കരിയെ എംഡിയായി നിയമിക്കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗതാഗതമന്ത്രി അംഗീകരിക്കുകയായിരുന്നുവത്രെ. 

മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിച്ച തച്ചങ്കരിയുടെ പെര്‍ഫോമന്‍സ് മികച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിലുപരി ഭരണനേതൃത്വവുമായുള്ള അടുത്ത ബന്ധവും ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിനു ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. നഷ്ടത്തിലോടുന്ന കോര്‍പ്പറേഷനെ ലാഭത്തിലാക്കണമെന്ന് തച്ചങ്കരിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

തിങ്കളാഴ്ച ചുമതലയേല്‍ക്കുന്ന തച്ചങ്കരിയെ കാണാന്‍ ഗതാഗത കോര്‍പ്പറേഷനിലെ യൂണിയന്‍ നേതാക്കള്‍ എത്തി. ഞാന്‍ വരട്ടെ എല്ലാം ശരിയാകും എന്നായിരുന്നു ഇവരോട് തച്ചങ്കരിയുടെ മറുപടി.  തച്ചങ്കരിയെ പൊലീസില്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവിയായി കൂടി നിയമിച്ചതിനെ അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ ന്യായീകരിച്ചു. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് സിഎംഡി എന്ന നിലയില്‍ ശമ്പളം ഈടാക്കാതിരിക്കാനാണ് പൊലീസിലും കൂടി നിയമനം നല്‍കിയതെന്നാണ് വിശദീകരണം. ഇതോടെ തച്ചങ്കരിയുടെ ശമ്പളം പൊലീസ് ഫണ്ടില്‍ നിന്ന് നല്‍കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com