ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ചത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ മകന്‍; ചര്‍ച്ചകള്‍ പെണ്‍കുട്ടി മുസ്ലിം ആയതിനാലെന്ന് നന്ദകുമാര്‍

ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ചത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ മകന്‍; ചര്‍ച്ചകള്‍ പെണ്‍കുട്ടി മുസ്ലിം ആയതിനാലെന്ന് നന്ദകുമാര്‍
ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ചത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ മകന്‍; ചര്‍ച്ചകള്‍ പെണ്‍കുട്ടി മുസ്ലിം ആയതിനാലെന്ന് നന്ദകുമാര്‍

കൊച്ചി: കശ്മീരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട എട്ടു വയസുകാരിയുടെ വധത്തെ ന്യായീകരിച്ചു വിവാദത്തിലായത് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ മകന്‍. ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകന്‍ വിഷ്ണു നന്ദകുമാറാണ് ഫെയ്സ്ബുക്കില്‍, രാജ്യം ചര്‍ച്ച ചെയ്യുന്ന ക്രൂരതയെ ന്യായീകരിച്ച് കമന്റിട്ടടത്. ഇതു വിവാദമായതോടെ വിഷ്ണു നന്ദകുമാര്‍ കമന്റ് പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തുവന്നു.

കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ആസിഫ ബാനുവിനു നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി രാജ്യമെങ്ങും പ്രതിഷേധം ആളുകയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍നിന്ന് നിരവധി പേരാണ് സംഭവത്തില്‍ ദുഃഖവും രോഷവും അറിയിച്ച് രംഗത്തുവന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലാണ് ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് വിഷ്ണു നന്ദകുമാര്‍ കമന്റിട്ടത്. 'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' എന്നായിരുന്നു കമന്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിയല്‍ ഉയര്‍ന്നത്. വിഷ്ണു നന്ദകുമാര്‍ ജോലി ചെയ്യുന്ന കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വരെ പ്രതിഷേധത്തിന്റെ അലയൊലികള്‍ ഉയര്‍ന്നു. വിഷ്ണുവിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കമന്റ് വിവാദമായതോടെ വിഷ്ണു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതായാണ് വിവരം. എന്നാല്‍ വിഷ്ണു കമന്റ് പിന്‍വലിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പിതാവ് നന്ദകുമാര്‍ സമകാലിക മലയാളത്തോടു പറഞ്ഞു. ഇരയോടൊപ്പമാണ് താനെന്ന് വിശദീകരണത്തില്‍ വിഷ്ണു വ്യക്തമാക്കിയിട്ടുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖകള്‍ ബലാത്സംഗ കേന്ദ്രങ്ങളാണ്, ക്ഷേത്രത്തിലെ പൂജാരിമാരെല്ലാം ബലാത്സംഗം ചെയ്യുകയാണ് തുടങ്ങിയ കമന്റുകള്‍ ആ ചര്‍ച്ചയില്‍ വന്നിരുന്നു. അതിനു തുടര്‍ച്ചയായാണ് വിഷ്ണുവിന്റെ കമന്റ് വന്നിട്ടുള്ളതെന്ന് നന്ദകുമാര്‍ വിശദീകരിച്ചു.

ഏതു വിധത്തിലുള്ള ബലാത്സംഗങ്ങളും ക്രൂരകൃത്യങ്ങളും അപലപിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ അഭിപ്രായമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങ്ങും പ്രതികരണങ്ങളുമാണ് നടക്കുന്നത്. കശ്മീരില്‍ ക്രൂരതയ്ക്ക് ഇരയായത് മുസ്ലിം പെണ്‍കുട്ടി ആയതുകൊണ്ടാണ് വലിയ ചര്‍ച്ചകളുണ്ടാവുന്നത്. അസമില്‍ 12 വനവാസി കുട്ടികളെയാണ് ബലാത്സംഗം ചെയ്തത്. അതില്‍ ആറു വയസുള്ള ഒരു കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. ബിഹാറില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു. അപ്പോഴൊന്നും പ്രതികരിക്കാതിരിക്കുന്ന ആളുകള്‍ക്കാണ് ഈ സമയത്ത് കൂടുതല്‍ വെപ്രാളമുണ്ടാവുന്നത്- നന്ദകുമാര്‍ കുറ്റപ്പെടുത്തി. 

മുസ്ലിം പെണ്‍കുട്ടിയായതുകൊണ്ടാണ് ദേശീയതലത്തില്‍ ഇക്കാര്യം ചര്‍ച്ചയാവുന്നത്. ഒരുപക്ഷത്തെ മാത്രം എപ്പോഴും കുറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയാണ് ഇവിടെയുള്ളതെന്ന് നന്ദകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com