ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക;അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക - കെടി ജലീല്‍

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ബി.ജെ.പിക്ക് പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല
ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക;അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക - കെടി ജലീല്‍

കൊച്ചി: ബാംംഗ്ലൂര്‍ ജയിലില്‍ വാചാരണ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍. കര്‍ണാടക സര്‍ക്കാര്‍ വിചാരണ നീട്ടുന്നത് തന്നെ അമദനി നിരപരാധിയാണെന്നതിന്റെ തെളിവാണ്. എട്ടുവയസുകാരി ബലികയെ ബലാത്സംഗം ചെയ്തു കൊന്നുതള്ളിയപ്പോഴുണ്ടായ പ്രതിഷേധം അമദനിയുടെ നീതിക്കായും ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക . അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക . ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്. മഅ്ദനി കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കുന്നത് പ്രതിദിനം കാല്‍ലക്ഷം രൂപയാണത്രെ ശമ്പളം കിട്ടുന്നത് . മാസത്തില്‍ ഏതാണ്ട് അഞ്ചരലക്ഷം രൂപ . പെട്ടന്ന് കേസ് തീര്‍ന്നാല്‍ ഈ വരുമാന സ്രോതസ്സ് നിന്ന് പോകുമെന്ന ഭയവും വിധി പറയാതെ കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലുണ്ടെന്നാണ് നിജസ്ഥിതി അറിയുന്നവരുടെ അടക്കം പറച്ചില്‍. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ബി.ജെ.പിക്ക് പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല . ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക . അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക . ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്. അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുട്ടപര്‍ത്തിയില്‍ സായിബാബയുടെ ആശ്രമത്തില്‍ വെച്ച് നടക്കുന്ന വിഷുവിനോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അബ്ദുല്‍ നാസര്‍ മഅദനിയെ കാണാന്‍ ബാഗ്ലൂരില്‍ അദ്ദേഹം താമസിക്കുന്ന ഫ്‌ലാറ്റിലെത്തിയത് . എന്റെ കൂടെ തിരുവനന്തപുരം സ്വദേശിയും സായിഭക്തനുമായ ആനന്ദകുമാര്‍ എന്ന നന്തുവും ഉണ്ടായിരുന്നു . മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളത്തില്‍ വന്നപ്പോള്‍ കണ്ടതിന് ശേഷം രണ്ടാം തവണയാണ് മഅദനി സാഹിബിനെ കാണുന്നത് . ഒരുപാട് രോഗങ്ങളുടെ ആക്രമണത്തില്‍ ശരീരം തളര്‍ന്നിട്ടുണ്ടെങ്കിലും മനസ്സിന് എവിടെയും ഒരിടര്‍ച്ചയുമില്ലെന്ന് സംസാരിച്ച് തുടങ്ങിയപ്പോഴേ ബോദ്ധ്യമായി .

ആരോഗ്യസ്ഥിതിയിലൂന്നിയ ചോദിച്ചറിയലുകളായിരുന്നു പ്രധാനമെങ്കിലും നിശ്വാസങ്ങളിലും നെടുവീര്‍പ്പുകളിലും വര്‍ത്തമാനത്തിന്റെ എല്ലാ നൊമ്പരങ്ങളും അടങ്ങിയിരുന്നത് പോലെ തോന്നി . ജമ്മുവില്‍ ആസിഫയെന്ന എട്ടുംപൊട്ടും തിരിയാത്ത എട്ടുവയസ്സുകാരി പൊന്നോമനയെ ദൈവസന്നിധാനത്തില്‍ വെച്ച് പിച്ചിച്ചീന്തിത്തീര്‍ത്ത നരാധമന്‍മാര്‍ക്കെതിരെ ഒറ്റമനസ്സോടെ മതജാതി വ്യത്യാസമന്യെ പ്രതിഷേധത്തിന്റെ രോഷാഗ്‌നി തീര്‍ക്കുന്നതില്‍ എന്നിലെന്നപോലെ അദ്ദേഹത്തിലും പ്രതീക്ഷയുടെ നുറുങ്ങുവെട്ടം കാണാനായത് പ്രത്യേകം ശ്രദ്ധിച്ചു . ഒരു രാത്രിയുണ്ടെങ്കില്‍ ഒരു പ്രഭാതം ഉറപ്പാണ് , ഒരു കയററമുണ്ടെങ്കില്‍ ഒരിറക്കവും .

മര്‍ദ്ദനങ്ങള്‍കൊണ്ട് പുളഞ്ഞ ബിലാലെന്ന കറുത്ത മനുഷ്യന്റെ കാതില്‍ മുഴങ്ങിയ ശബ്ദം ഒരുശരീരിയായി ജമ്മു താഴ്വരയിലും ലോകമാസകലവും പ്രതിദ്ധ്വനിച്ച് കൊണ്ടിരിരിക്കുകയാണെന്ന് ഞങ്ങള്‍ പറയാതെ പറഞ്ഞു . മോളേ ആസിഫാ നീയെങ്ങാണ്ടോ ഉള്ള ഒരു നാടോടിക്കുട്ടിയല്ല . മനുഷ്യത്വമുള്ള കാലത്തോളം ഓരോ പിതാവിന്റെയും സഹോദരന്റെയും അമ്മയുടെയും ഹൃദയങ്ങളില്‍ നിന്റെ നിഷ്‌കളങ്കമായ മുഖം അണയാതെ നില്‍ക്കും . അതീവ വികൃതവും ഭീഭല്‍സവുമായ മനോവൈകൃതത്തിനെതിരെയും അതിനെതിരെ ചെറുവിരലനക്കാത്ത ഭരണകൂട നിസ്സംഗതക്കെതിരെയും എക്കാലത്തേക്കുമുള്ള മുന്നറിയിപ്പായി .

ഒരു ഗൂഢാലോചനാ കേസില്‍ പ്രതിചേര്‍ത്ത് നീണ്ട ഒന്‍പതുവര്‍ഷം കാരാഗൃഹത്തിനുള്ളില്‍ കഴിഞ്ഞ് അവസാനം തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ട മഅദനിയെ മറ്റൊരു കള്ളക്കേസില്‍ കുരുക്കിയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും അറസ്റ്റ് ചെയ്ത് കല്‍തുറുങ്കിലടച്ചത് . മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മുറവിളികള്‍ സഹിക്കവയ്യാതായപ്പോള്‍ ബാഗ്ലൂര്‍ നഗരം വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ നീതിപീഠങ്ങള്‍ ചികില്‍സക്കായി ജാമ്യമനുവദിച്ചു . കര്‍ണ്ണാടക സര്‍ക്കാര്‍ വിചാരണ നീട്ടിക്കൊണ്ട് പോകുന്നത് തന്നെ മഅദനി നിരപരാധിയാണെന്നതിന് തെളിവാണ് . പ്രോസിക്യൂട്ടര്‍ക്ക് പ്രതിദിനം കാല്‍ലക്ഷം രൂപയാണത്രെ ശമ്പളം കിട്ടുന്നത് .

മാസത്തില്‍ ഏതാണ്ട് അഞ്ചരലക്ഷം രൂപ . പെട്ടന്ന് കേസ് തീര്‍ന്നാല്‍ ഈ വരുമാന സ്രോദസ്സ് നിന്ന് പോകുമെന്ന ഭയവും വിധി പറയാതെ കേസ് നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലുണ്ടെന്നാണ് നിജസ്ഥിതി അറിയുന്നവരുടെ അടക്കം പറച്ചില്‍ . കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ബി.ജെ.പിക്ക് പഠിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല . ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക . അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക . ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com