ബിജെപി ഓഫിസിന്റെ വാതിലിനു മുന്നില്‍ നിലയുറപ്പിച്ച് കരിമൂര്‍ഖന്‍; ബന്ദികളായി യോഗത്തിനെത്തിയ പ്രവര്‍ത്തകര്‍

ബിജെപി ഓഫിസിന്റെ വാതിലിനു മുന്നില്‍ നിലയുറപ്പിച്ച് കരിമൂര്‍ഖന്‍; ബന്ദികളായി യോഗത്തിനെത്തിയ പ്രവര്‍ത്തകര്‍
ബിജെപി ഓഫിസിന്റെ വാതിലിനു മുന്നില്‍ നിലയുറപ്പിച്ച് കരിമൂര്‍ഖന്‍; ബന്ദികളായി യോഗത്തിനെത്തിയ പ്രവര്‍ത്തകര്‍

കൊച്ചി: യോഗം നടക്കുന്ന പാര്‍ട്ടി ഓഫിസിനു മുന്നില്‍ പാമ്പു നിലയുറപ്പിച്ചതോടെ ഉള്ളില്‍ കുടുങ്ങി ബിജെപി പ്രവര്‍ത്തകര്‍. യോഗം നിര്‍ത്തിവച്ച് വാതിലടച്ച് ഉള്ളിലിരുന്ന പ്രവര്‍ത്തകര്‍ ജനലിലൂടെ പാമ്പിനെ ഓടിക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ഇതിനിടെ പൊലീസും പ്രാദേശിക ചാനലുകളുമെല്ലാം എത്തിയതോടെ പാമ്പിന്റെ ശ്രദ്ധ മാറിയതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കു പുറത്തിറങ്ങാനായത്.

കൂത്താട്ടുകുളത്താണ് ബിജെപി പാര്‍ട്ടി ഓഫിസില്‍ പാമ്പ് പ്രവര്‍ത്തകരെ ബന്ദിയാക്കിയ സംഭവം അരങ്ങേറിയത്. ഓണംകുന്ന് ക്ഷേത്രത്തിനു സമീപം ബിജെപി മുനിസിപ്പല്‍ സമിതിയുടെ ഓഫിസിനു മുന്നിലായിരുന്നു സംഭവം.

വൈകിട്ട് ഏഴരയോടെ ആരംഭിച്ച യോഗത്തില്‍ പതിനഞ്ചോളം പേരാണ് പങ്കെടുക്കാന്‍ എത്തിയത്. ഇവരുടെ ചെരിപ്പ് ഓഫിസിനു മുന്നില്‍ വാതിലിനു സമീപത്തായി വച്ചിട്ടുണ്ടായിരുന്നു. ഇവിടെയാണ് ഇഴഞ്ഞെത്തിയ മൂര്‍ഖന്‍ നിലയുറപ്പിച്ചത്. തുറന്നിട്ടിരുന്ന വാതിലിനു സമീപം എലിയെ ഇരയാക്കാന്‍ ഒരുങ്ങിയ മൂര്‍ഖനെ കണ്ട് പ്രവര്‍ത്തകരില്‍ ഒരാള്‍ ഓഫിസില്‍ നിന്ന് മൊബൈല്‍ഫോണില്‍ പടമെടുത്തു. ഫ്‌ലാഷ് മിന്നിയതോടെ പത്തി വിടര്‍ത്തിയ പാമ്പ് എലിയെ വിട്ട് പ്രവര്‍ത്തകര്‍ക്കു നേരെ തിരിയുകയായിരുന്നു.

ചെരുപ്പുകള്‍ക്ക് മുകളിലായി മൂര്‍ഖന്‍ ഓഫിസിലേക്ക് നോക്കി നിലയുറപ്പിച്ചതോടെ യോഗം നിര്‍ത്തിവച്ച് പ്രവര്‍ത്തകര്‍ വാതില്‍ അകത്തു നിന്ന് അടച്ചിട്ടു. ജനലയിലുടെ ശബ്ദം വച്ചും മറ്റും പാമ്പിനെ ഭയപ്പെടുത്തി ഓടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍  വിജയിച്ചില്ല. 

വിവരമറിഞ്ഞ് പൊലീസും പ്രാദേശികചാനലിന്റെ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പാമ്പിന്റെ നോട്ടം ചാനലിന്റെ  ക്യാമറയിലേക്കു തിരിഞ്ഞ തക്കത്തിന് ബിജെപി പ്രവര്‍ത്തകര്‍ വാതില്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ പാമ്പ്  ഇഴഞ്ഞ് പൊന്തക്കാട്ടില്‍ മറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com