ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം: വനിതാ പൊലീസിന് കൊടുക്കാന്‍ വീട്ടിലിടമില്ല

സംരക്ഷണത്തിന് വരുന്ന വനിതാ പൊലീസിന് താമസിക്കാന്‍ ഇടം നല്‍കാനാകാതെ കുഴങ്ങുകയാണ് ചിത്രലേഖയും കുടുബവും.
ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം: വനിതാ പൊലീസിന് കൊടുക്കാന്‍ വീട്ടിലിടമില്ല

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ ജാതിവിവേചനം മൂലം അതിജീവനവും തൊഴിലും പ്രതിസന്ധിയിലായി സമരം ചെയ്ത ദലിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്കും  കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ സംരക്ഷണത്തിന് വരുന്ന വനിതാ പൊലീസിന് താമസിക്കാന്‍ ഇടം നല്‍കാനാകാതെ കുഴങ്ങുകയാണ് ചിത്രലേഖയും കുടുബവും.

സംരക്ഷിക്കാനെത്തിയ പൊലീസിനെ വീട്ടില്‍ താമസിപ്പിക്കണമെന്ന ആവശ്യമാണു വാടക വീട്ടില്‍ കഴിയുന്ന ചിത്രലേഖയ്ക്കു വിനയാവുന്നത്. 'സംരക്ഷിക്കാന്‍' രാത്രി പതിനൊന്നോടെ എത്തിയ പൊലീസ് സംഘത്തിലെ വനിതാ പൊലീസിനു രാത്രി താമസിക്കാന്‍ ഇടം കൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തല്‍ക്കാലം സംരക്ഷണം വേണ്ട, നാളെ പറയാം എന്നു പറഞ്ഞാണ് വെളളിയാഴ്ച പൊലീസിനെ വിട്ടത്. ഇനി ഇന്ന് എന്തു പറയുമെന്നറിയാതെ കുഴങ്ങുകയാണ് ചിത്രലേഖ. 

ചിത്രലേഖയ്ക്കു വീടുവയ്ക്കാന്‍ മുന്‍ സര്‍ക്കാര്‍ കാട്ടാമ്പള്ളിയില്‍ നല്‍കിയ അഞ്ചു സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതിനെതിരെ കെപിസിസിയുടെ സഹായത്തോടെ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. സര്‍ക്കാര്‍ നല്‍കിയ അഞ്ചു സെന്റില്‍ വീടു പണി അതിനകം തുടങ്ങുകയും ചെയ്തിരുന്നു.

ആ സ്ഥലത്തിനടുത്തു ചെറിയൊരു വാടക വീട്ടിലാണു ചിത്രലേഖയും ഭര്‍ത്താവും മകളും മകനും അമ്മമ്മയും ഇപ്പോള്‍ താമസിക്കുന്നത്. രണ്ടു ബെഡ്‌റൂമും ഹാളും അടുക്കളയുമാണു വാടക വീട്ടിലുള്ളത്. രാത്രി പതിനൊന്നോടെ വളപട്ടണം പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു വനിതാ പൊലീസ് ഉള്‍പ്പെടെ നാലുപേര്‍ ജീപ്പിലെത്തി. വനിതാ പൊലീസിനു രാത്രി താമസിക്കാന്‍ ചിത്രലേഖയുടെ വാടക വീട്ടില്‍ സൗകര്യമൊരുക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com