പൊലീസ് സംഘത്തിനു നേരെ കൂറ്റന്‍ നായ്ക്കളെ അഴിച്ചുവിട്ട് സിനിമാ സ്റ്റൈലില്‍ കൊള്ളസംഘത്തലവന്‍ രക്ഷപ്പെട്ടു

പൊലീസ് സംഘത്തിനു നേരെ കൂറ്റന്‍ നായ്ക്കളെ അഴിച്ചുവിട്ട് സിനിമാ സ്റ്റൈലില്‍ കൊള്ളസംഘത്തലവന്‍ രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോതമംഗലം: പൊലീസ് സംഘത്തിനു നേര്‍ക്ക് കൂറ്റന്‍ നായ്ക്കളെ അഴിച്ചുവിട്ട് സിനിമാ സ്റ്റൈലില്‍ കൊള്ള സംഘത്തലവന്റെ രക്ഷപ്പെടല്‍. അഞ്ചു സംസ്ഥാനങ്ങളിലെ പൊലീസ് തിരയുന്ന കൊളള സംഘത്തലവന്‍ കോടാലി ശ്രീധരന്‍ കോതമംഗലത്തെ വീട്ടില് വച്ച് തമിഴ്‌നാട് പൊലീസില്‍നിന്നു രക്ഷപ്പെട്ടത് പിടിയിലാവുന്നതിനു തൊട്ടു മുമ്പ്.

കുഴല്‍പ്പണ സംഘത്തെ ആക്രമിച്ച് പണം കവരുന്നതിലൂടെ കുപ്രസിദ്ധനായ കോടാലി ശ്രീധരന്‍ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പൊലീസിന്റെ തലവേദനയാണ്.  അഞ്ചു സംസ്ഥാനങ്ങളിലെ പൊലീസ് സേന തിരയുന്ന ക്രിമിനല്‍കേസ് പ്രതിയാണ് കോടാലി ശ്രീധരന്‍. മാസങ്ങളോളം ശ്രീധരന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചതിനു ശേഷമാണ് തമിഴ്‌നാട് പൊലീസ് കഴിഞ്ഞ ദിവസം കോതമംഗലത്ത് ഇയാളെ കുടുക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സാഹസികമായി സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുകയായിരുന്നു ശ്രീധരന്‍.

കുഴല്‍പ്പണ സംഘങ്ങളെ കൊള്ളയടിച്ച് വന്‍ സ്വത്താണ് ശ്രീധരന്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇയാളുടെ വീട്ടില്‍ അത്യാധുനിക സംവിധാനങ്ങളാണ് കണ്ടതെന്ന് സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 4500 ചതുരശ്ര അടിയുള്ള വീട്ടില്‍ അത്യാധുനികമായ നിരീക്ഷണ സംവിധാനം, ജിംനേഷ്യം, മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ എന്നിവയുണ്ട്. 

തമിഴ്‌നാട് പൊലീസിന്റെ പതിനൊന്നംഗ സംഘമാണ് ശ്രീധരനെ പിടികൂടാന്‍ എത്തിയത്. കോതമംഗലത്തെ വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ എത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസ് നീക്കം. വീടിന്റെ കൂറ്റന്‍ ഗെയ്റ്റ് അടച്ചിട്ട നിലയില്‍ ആയിരുന്നു. തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പൂട്ട് പൊളിച്ചാണ് ഗേറ്റ് തുറന്നത്. എന്നാല്‍ അകത്തു കടന്ന ഉടനെ നാലു കൂറ്റന്‍ നായ്ക്കള്‍ പൊലീസ് സംഘത്തിനു നേരെ കുരച്ചു ചാടി. ഇവയെ പ്രതിരോധിക്കാന്‍ പൊലീസ് സംഘം ശ്രമിക്കുന്നതനിടെ വീടിന്റെ പിന്‍ഭാഗത്തുകൂടെ ശ്രീധരന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. ശ്രീധരന്റെ സംഘത്തിലെ നാലു പേര്‍ പൊലീസിന്റെ പിടിയില്‍ ആയിട്ടുണ്ട്. 

പൊലീസ് വേഷത്തില്‍ എത്തി ഹവാല സംഘങ്ങളെ കൊള്ളയടിക്കുന്നതാണ് ശ്രീധരന്റെ രീതി. ഇങ്ങനെ നാല്‍പ്പതു കോടിയുടെ സ്വത്ത് ശ്രീധരന്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീധരന്‍ ഇപ്പോള്‍ കേരളത്തില്‍ സജീവമല്ല. മറ്റു സംസ്ഥാനങ്ങളില്‍ കൊള്ള നടത്തി കേരളത്തിലേക്കു മുങ്ങുകയാണന്നാണ് തമിഴ്‌നാട് പൊലീസിന്റെ നിഗമനം. വിവിധ സംസ്ഥാനങ്ങളിലാണ് ഇരുപത്തിയഞ്ചോളം കേസുകള്‍ ശ്രീധരനന്റെ പേരിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com