ടൈഗര്‍ ഫോഴ്‌സ് ഉണ്ടാക്കാന്‍ ആരാണ് അധികാരം നല്‍കിയത് ; റൂറല്‍ എസ്പിക്കെതിരെ രമേശ് ചെന്നിത്തല

പൊലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. എത്രയും വേഗം എസ്പി എ വി ജോര്‍ജിനെ മാറ്റണമെന്നും രമേശ് ചെന്നിത്തല
ടൈഗര്‍ ഫോഴ്‌സ് ഉണ്ടാക്കാന്‍ ആരാണ് അധികാരം നല്‍കിയത് ; റൂറല്‍ എസ്പിക്കെതിരെ രമേശ് ചെന്നിത്തല

കൊച്ചി :വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിനെ പിടികൂടാന്‍ ഉത്തരവിട്ട എസ്പിയെ അവിടെ നിലനിര്‍ത്തി എങ്ങനെയാണ് സ്വതന്ത്രമായ അന്വേഷണം നടക്കുക. ആരാണ് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ എസ്പിയോട് ആവശ്യപ്പെട്ടത്. എത്രയും വേഗം എസ്പി എവി ജോര്‍ജിനെ മാറ്റണമെന്നും, ആര്‍ടിഎഫിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ആളുകളെ പിടിക്കാന്‍ ആര്‍ടിഎഫിനെ പിടിക്കാന്‍ എന്താണ് അധികാരം. അതും കാവി മുണ്ട് ധരിച്ച് മഫ്തിയിലാണ് ആര്‍ടിഎഫ് പൊലീസുകാര്‍ ശ്രീജിത്തിനെ പിടികൂടിയതെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഇത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു. 

പൊലീസ് മര്‍ദനം മൂലമാണ് ശ്രീജിത്ത് മരിച്ചത്. വാസുദേവന്റെ വീട്ടിലെ സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന പൊലീസ് വാദം ശരിയല്ല. കുടലിലെ മാരകപരുക്കുമായി ചികില്‍സയില്ലാതെ ഏറെ നേരെ നില്‍ക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിനെ പ്രതിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഎം നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് പ്രതികളെ പിടിക്കുന്നത്. പൊലീസിന്റെ മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണമോ, സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com