എച്ച്‌ഐവി ബാധിച്ച രക്തം ആര്‍സിസിയില്‍ നിന്ന് : റിപ്പോര്‍ട്ട് പുറത്ത് 

ഏയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയില്‍ നിന്നുതന്നെ എന്ന് തെളിഞ്ഞു
എച്ച്‌ഐവി ബാധിച്ച രക്തം ആര്‍സിസിയില്‍ നിന്ന് : റിപ്പോര്‍ട്ട് പുറത്ത് 

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാ ഫലം പുറത്തുവന്നപ്പോള്‍ എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയില്‍ നിന്നുതന്നെ എന്ന് തെളിഞ്ഞു. എച്ച് ഐ വി ബാധിതന്റെ രക്തം കുട്ടിക്ക് നല്‍കിയതായാണ് സ്ഥിരീകരണം. 48പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് എച്ച് ഐ വി ബാധയുണ്ടെന്ന് തെളിഞ്ഞത്. 

എച്ച്‌ഐവി ബാധിതന്റെ രോഗം തിരിച്ചറിയാതിരുന്നത് വിന്‍ഡോ പീരിഡില്‍ രക്തം നല്‍കിയതിനാലാണെന്ന് ആശുപത്രി അധികൃതര്‍. സത്യം പുറത്തുവരുമെന്ന് വിശ്വാസമുണ്ടായിരുന്നെന്നും ആശുപത്രി അധികൃതര്‍ നാടകം കളിക്കുകയായിരുന്നെന്നും മരിച്ച കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശുപത്രിയിലെ ഈ ക്രിമിനലുകളെ വെറുതെവിടരുതെന്നും അദ്ദേഹം പറഞ്ഞു.   

ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സകള്‍ക്കായാണ് ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍സിസിയില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധയില്ല എന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് പലതവണ ആര്‍എസിയിയില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ആഗസ്ത് 25ന് വീണ്ടും നടന്ന രക്തപരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്‌ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍സിസിക്ക് നേരെ ആരോപണമുയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com