അമേരിക്കയിലെ കലിഫോര്‍ണിയയില്‍ കാണാതായ മലയാളി ദമ്പതികളില്‍ ഭാര്യ സൗമ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ഈല്‍ നദിയില്‍നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്ന സ്ത്രീയുടെ മൃതദേഹം സൗമ്യയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗമ്യയുടെ ഭര്‍ത്താവ് സന്ദീപിനും മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവര്‍ക്കുമായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി കാക്കനാട് പടമുകള്‍ സ്വദേശിയാണ് സൗമ്യ.
സന്ദീപും കുടുംബവും സഞ്ചരിച്ചിരുന്ന എസ്‌യുവി വെള്ളപ്പൊക്കബാധിത നദിയില്‍ മുങ്ങിപോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതാവുകയായിരുന്നു. നദിയില്‍നിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ് സന്ദീപ്. ഏപ്രില്‍ അഞ്ചുമുതലാണ് ഇവരെ കാണാതായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ