ആര്‍ദ്രം പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ല ; ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ആരോഗ്യമന്ത്രി

രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്നും മന്ത്രി
ആര്‍ദ്രം പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ല ; ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : ജനങ്ങളുടെ സ്വപ്‌നവും പ്രതീക്ഷയുമായ ആര്‍ദ്രം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം. നോട്ടീസ് നല്‍കാതെ നടത്തുന്ന സമരം അംഗീകരിക്കാനാകില്ല. രോഗികളെ പരിശോധിക്കാതെ ഡോക്ടര്‍മാര്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞു. 

ഡോക്ടര്‍മാരുടേത് കാരണമൊന്നുമില്ലാത്ത സമരമാണ്. ഡ്യൂട്ടി പരിഷ്‌കരണം ആരെയും ദ്രോഹിക്കാനല്ല. ഒപി സമയക്രമീകരണമാണ് പ്രശ്‌നമെങ്കില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമായിരുന്നു. ഒരു ഡോക്ടറുണ്ടായിരുന്ന പിഎച്ച്‌സിയില്‍ നാലു ഡോക്ടര്‍മാരെ നിയമിച്ചിട്ടാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. 

പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥര്‍ സാധാരണ സമരത്തില്‍ പങ്കെടുക്കാറില്ല. അവരെ ഒഴിവാക്കാന്‍ എല്ലാ സംഘടനാനേതൃത്വവും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കെജിഎംഒഎ നേതൃത്വം പ്രൊ7ഷേനിലുള്ളവരോടും പണിമുടക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ റൂള്‍ അനുസരിച്ച് പ്രൊബേഷനില്‍ ഉള്ളവര്‍ പണിമുടക്കുന്നത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി എടുക്കാന്‍ മതിയായ കാരണമാണ്. അതിനാല്‍ പൊബേഷനിലുള്ള ഡോക്ടര്‍മാര്‍ ഇന്ന് ഉച്ചയോടെ ജോലിക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 

ഈ യുവാക്കളെ പുറത്താക്കണമെന്ന് ആഗ്രഹമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പിഎസ് സിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഏതാണ്ട് നാലായിരത്തോളം പേര്‍ പുതിയ ലിസ്റ്റിലുണ്ട്. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇവരെ നിയമിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com