ഡോക്ടര്‍ സമരം നാലാംദിനത്തിലേക്ക്;ബുധനാഴ്ച മുതല്‍ കിടത്തി ചികിത്സയും അവസാനിപ്പിക്കുമെന്ന് ഭീഷണി 

സ്‌പെഷ്യാലിറ്റി ഒ പികള്‍ പ്രവര്‍ത്തിക്കാത്തത് രോഗികളെ വലച്ചു
ഡോക്ടര്‍ സമരം നാലാംദിനത്തിലേക്ക്;ബുധനാഴ്ച മുതല്‍ കിടത്തി ചികിത്സയും അവസാനിപ്പിക്കുമെന്ന് ഭീഷണി 

തിരുവനന്തപുരം:രോഗികളെ ദുരിതത്തിലാക്കി ഡോക്ടര്‍മാരുടെ സമരം നാലാംദിനത്തിലേക്ക്. സ്‌പെഷ്യാലിറ്റി ഒ പികള്‍ പ്രവര്‍ത്തിക്കാത്തത് രോഗികളെ വലച്ചു. ഇതിനിടെ അനുനയ ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും കെജിഎംഒഎയുടെയും ഭാഗത്തുനിന്ന് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യാതൊരു പ്രകോപനവും ഇല്ലാതെ സമരം ഒത്തുതീര്‍പ്പാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം അനധികൃത അവധിയില്‍  പോയ ഡോക്ടര്‍മാരുടെ വിവരം സര്‍ക്കാര്‍ ഇന്ന് ശേഖരിക്കും.  ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രോബഷനിലുളള ഡോക്ടര്‍മാരെയാണ് ഇത് കൂടുതല്‍ ബാധിക്കുക.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. പലയിടങ്ങളിലും ഒപി ടിക്കറ്റ് കൗണ്ടര്‍ അടിച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. അതേസമയം എസ്മ പോലുളള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാനുളള സാധ്യത കുറവാണ്. എങ്കിലും സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ സമരത്തിലിരിക്കേ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.

അതേസമയം ഡോക്ടര്‍മാരുടെ സമരം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കൂട്ടരാജിയുള്‍പ്പെടെയുളള നടപടികള്‍ തീരുമാനിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്ത് ചേരും. ബുധനാഴ്ച മുതല്‍ കിടത്തി ചികിത്സയും അവസാനിപ്പിക്കുമെന്നാണ് ഭീഷണി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com