ഡോക്ടര്‍ സമരത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍ ; കെജിഎംഒഎ നേതാക്കളെ സ്ഥലംമാറ്റാന്‍ നീക്കം

ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരുടെ കണക്കുനൽകാൻ ആരോ​ഗ്യവകുപ്പിന് മന്ത്രി നിർദേശം നൽകി
ഡോക്ടര്‍ സമരത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍ ; കെജിഎംഒഎ നേതാക്കളെ സ്ഥലംമാറ്റാന്‍ നീക്കം

തിരുവനന്തപുരം : ഡോക്ടര്‍മാരുടെ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി സമരത്തിന് ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുയെ സംഘടനയായ കെജിഎംഒഎയുടെ സംസ്ഥാനപ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സ്ഥലംമാറ്റാന്‍ നീക്കം. ഡോക്ടര്‍ റൗഫ്, ഡോക്ടര്‍ ജിതേഷ് എന്നിവരെ സ്ഥലംമാറ്റാനാണ് ധാരണയായത്. തീരുമാനം ഔദ്യോഗികമായി ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നീക്കം കെജിഎംഒഎയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

അതേസമയം പ്രതികാര നടപടികളോടെ സമരം പൊളിക്കാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പ്രതികരിച്ചു. സ്ഥലംമാറ്റത്തെ തങ്ങല്‍ ഭയക്കുന്നില്ലെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ റൗഫ് പറഞ്ഞു. നോട്ടീസ് നല്‍കാതെയാണ് സമരം നടത്തിയതെന്ന മന്ത്രിയുടെ വാദം തെറ്റാണ്. ആര്‍ദ്രം പദ്ധതിക്കോ, വൈകീട്ടുള്ള ഒപിയ്‌ക്കോ എതിരല്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. അടുത്ത നടപടികള്‍ നാളത്തെ സംസ്ഥാന സമിതിയോഗം തീരുമാനിക്കുമെന്നും കെജിഎംഒഎ നേതാക്കള്‍ സൂചിപ്പിച്ചു. 

ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സമരക്കാരുമായി ചര്‍ച്ച ഇല്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയും എടുക്കില്ല. സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നും മന്ത്രിസഭായോഗത്തില്‍ ധാരണയായി. നോട്ടീസ് നല്‍കാതെ ചെയ്യുന്ന സമരത്തെ അംഗീകരിക്കാനാകില്ല. സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സമരക്കാര്‍ക്കെതിരെ തല്‍ക്കാലം എസ്മ പ്രയോഗിക്കില്ല. എസ്മയ്ക്ക് പകരം നടപടികളും, ജനകീയ ഇടപെടലും വഴി നേരിടാനാണ് തീരുമാനിച്ചത്. 

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ഒപി സമയം ദീര്‍ഘിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാത്തതെന്നാണ് ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നത്. അതേസമയം പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമെന്ന വേവലാതിയാണ് ഡോക്ടർമാർക്കെന്ന് ആരോ​ഗ്യമന്ത്രിയും കുറ്റപ്പെടുത്തി. 

സമരം നാലാം ദിവസത്തേക്ക് കടന്നതോടെ ജനങ്ങൾ വലഞ്ഞു. മിക്ക ഒപി കളിലും ഡോക്ടർമാർ രോ​ഗികളെ പരിശോധിക്കുന്നില്ല. പലയിടങ്ങളിലും ഒപി ടിക്കറ്റ് കൗണ്ടര്‍ അടിച്ചിട്ടിരിക്കുന്ന അവസ്ഥയാണ്. ഒപിയിൽ പരിശോധിക്കുന്ന രോ​ഗികൾക്കാകട്ടെ പുതുതായി അഡ്മിഷൻ നൽകുന്നുമില്ല. സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com