അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണം: മലപ്പുറത്ത് വ്യാപക തെരച്ചിലുമായി പൊലീസ്; നൂറോളംപേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച നടന്ന  അപ്രഖ്യാപിത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി മലപ്പുറത്ത് പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു
അപ്രഖ്യാപിത ഹര്‍ത്താല്‍ ആക്രമണം: മലപ്പുറത്ത് വ്യാപക തെരച്ചിലുമായി പൊലീസ്; നൂറോളംപേര്‍ അറസ്റ്റില്‍


മലപ്പുറം: തിങ്കളാഴ്ച നടന്ന  അപ്രഖ്യാപിത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി മലപ്പുറത്ത് പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. വിവിധ സ്റ്റേഷനുകളിലായി നൂറോളംപേര്‍ അറസ്റ്റിലായി എന്ന് വിവരം ലഭിക്കുന്നു. ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും മുന്നില്‍നിന്ന പതിനഞ്ചോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

എടക്കര, പൊന്നാനി, താനൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിതി ശാന്തമാണ്. താനൂര്‍ മേഖലയില്‍ സംഘര്‍ഷം തടയാന്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ താനൂരില്‍ സന്ദര്‍ശനം നടത്തി. അക്രമസാധ്യത സംബന്ധിച്ചു സര്‍ക്കാരിനു വ്യക്തമായ വിവരം ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നു കുമ്മനം ആരോപിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അല്‍പസമയത്തിനകം താനൂര്‍ സന്ദര്‍ശിക്കും. ഹര്‍ത്താലിനു ശേഷം തീരദേശമേഖലയില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിരീക്ഷിച്ചു നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com