സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ പാണക്കാട് തങ്ങള്‍; വിഭാഗീയതയ്ക്ക് വഴിവയ്ക്കുന്ന പ്രതിഷേധങ്ങള്‍ അരുത്

കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത നടന്ന ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ പാണക്കാട് തങ്ങള്‍; വിഭാഗീയതയ്ക്ക് വഴിവയ്ക്കുന്ന പ്രതിഷേധങ്ങള്‍ അരുത്


മലപ്പുറം: കത്തുവ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത നടന്ന ഹര്‍ത്താലിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കത്തുവ സംഭവത്തില്‍ രാജ്യത്തിന്റെ മനഃസാക്ഷി ഒറ്റക്കെട്ടായി പെണ്‍കുട്ടിക്കൊപ്പമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ആ ഐക്യദാര്‍ഢ്യത്തില്‍ വിള്ളല്‍ വരുത്തുംവിധവും സമാധാനാന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ അനഭിലഷണീയമാണെന്ന് അദ്ദേഹം പറഞ്ഞു.  

വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമശക്തികളുടെയും സമൂഹവിരുദ്ധരുടെയും ഹീനകൃത്യങ്ങള്‍ക്കെതിരെ രാജ്യം കൈകോര്‍ത്ത് നില്‍ക്കുന്നുവെന്ന് 
പ്രഖ്യാപിക്കുന്നതാണ് കത്തുവ, ഉന്നാവ സംഭവങ്ങളിലുണ്ടായ പ്രതികരണം. മനുഷ്യന്റെ മാനവും ജീവനും നശിപ്പിക്കുന്ന അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ വാങ്ങിക്കൊടുക്കാനും ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും മത, ജാതി, ദേശ ചിന്തകള്‍ക്കതീതമായി രാജ്യം കൈകോര്‍ക്കുകയാണ് വേണ്ടത്. കത്തുവ വിഷയത്തില്‍ നീതി ഉറപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് മുസ്‌ലിം ലീഗും മുന്നിട്ടിറങ്ങുകയാണ്. നിരവധി പ്രസ്ഥാനങ്ങളും നീതിപീഠവുമെല്ലാം സംഭവത്തെ ഗൗരവതരമായി തന്നെ സമീപിച്ചിരിക്കുന്നു. ഇങ്ങനെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വര്‍ഗീയ സ്വഭാവവും ഭിന്നതയും സ്പര്‍ധയും സൃഷ്ടിക്കുന്നതിനും ചില കേന്ദ്രങ്ങള്‍ ആസൂത്രിത ശ്രമം നടത്തുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രകോപനപരമായ പ്രചാരണങ്ങള്‍ക്കും വഴിവിട്ട പ്രതിഷേധങ്ങള്‍ക്കും അരങ്ങൊരുക്കുന്നവര്‍ കത്തുവ പെണ്‍കുട്ടിയെ നശിപ്പിച്ചവരുടെ താല്‍പര്യങ്ങളിലേക്കും അവര്‍ ഒരുക്കുന്ന കെണിയിലേക്കുമാണ് അറിഞ്ഞോ, അറിയാതെയോ എത്തിച്ചേരുന്നത്. കത്തുവ, ഉന്നാവ സംഭവങ്ങളെല്ലാം അങ്ങേയറ്റം അപലപനീയവും ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. പക്ഷേ ഇതിലുള്ള രോഷവും സങ്കടവും പ്രതിഷേധവുമെല്ലാം വഴിവിട്ട രീതിയില്‍ പ്രകടിപ്പിക്കുന്നതിലൂടെ പൊതുസമൂഹത്തിന് ദ്രോഹകരവും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതക്ക് കാരണവുമാകുന്നത് ദൗര്‍ഭാഗ്യകരമാണ്. 

കത്തുവ പെണ്‍കുട്ടിയോട് കാണിച്ച മനുഷ്യത്വരഹിതമായ ക്രൂരത ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം പ്രതിഷേധത്തിലെ അനിഷ്ട സംഭവങ്ങളിലേക്ക് ജനശ്രദ്ധ വഴിമാറുന്നത് ഗുണകരമല്ല എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം. പ്രതികരണങ്ങളിലും പ്രതിഷേധങ്ങളിലും സംയമനം കൈവിടരുത്. സമാധാനഭംഗവും വിഭാഗീയതയും സൃഷ്ടിക്കുംവിധമുള്ള നിരുത്തരവാദപരമായ സമര മാര്‍ഗങ്ങളില്‍ പങ്കാളികളാവുന്ന സാഹചര്യം ഉണ്ടാവരുതെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com