ഹര്‍ത്താലിന്റെ പേരില്‍ അക്രമം: തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു

ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ പ്രവര്‍ത്തകരാണ്
ഹര്‍ത്താലിന്റെ പേരില്‍ അക്രമം: തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു

തിരുവനന്തപുരം: തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ നടന്ന സംഘര്‍ഷങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്കു പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രഹസ്വാന്വേഷണ വിഭാഗവും ഹര്‍ത്താല്‍ പ്രചാരണത്തെയും അതിന്റെ പേരില്‍ നടന്ന അക്രമങ്ങളെയും കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഹര്‍ത്താലിന്റെ മറവില്‍ ആസൂത്രിത അക്രമങ്ങള്‍ക്കു ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇത്തരം അക്രമങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായവവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതും പ്രചരിപ്പിച്ചതും എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്രമങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി പ്രത്യേക സംഘത്തിനു രൂപം കൊടുത്തിട്ടുള്ളത്. 

ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി മലപ്പുറത്ത് പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. വിവിധ സ്‌റ്റേഷനുകളിലായി നൂറോളംപേര്‍ അറസ്റ്റിലായി എന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗം പേരെയും ജാമ്യത്തില്‍ വിട്ടെങ്കിലും പൊലീസിന്റെ ജോലി തടസ്സപ്പെടുത്താനും പൊതുമുതല്‍ നശിപ്പിക്കാനും മുന്നില്‍നിന്ന പതിനഞ്ചോളം പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

എടക്കര, പൊന്നാനി, താനൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ പൊലീസുകാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധികളില്‍ സ്ഥിതി ശാന്തമാണ്. താനൂര്‍ മേഖലയില്‍ സംഘര്‍ഷം തടയാന്‍ സായുധ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com