'അടിമത്തം വിലപ്പോകില്ല' ; ദലിത് ജീവനക്കാരനെ മാറ്റിയതില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരനെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു
'അടിമത്തം വിലപ്പോകില്ല' ; ദലിത് ജീവനക്കാരനെ മാറ്റിയതില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ദലിത് പീഡനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍. അടിമത്ത സമ്പ്രദായം വിലപ്പോകില്ലെന്ന് സംഘടനാനേതാക്കള്‍ വ്യക്തമാക്കി. ചാതുര്‍വണ്യത്തിന്റെ വക്താവായ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ നടപടി വേണമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹ പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദലിത് ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 

പരാതി നല്‍കിയ ജീവനക്കാരനെ പൊതുഭരണവകുപ്പില്‍ നിന്നും സ്ഥലംമാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്കാണ് ഇയാളെ മാറ്റിയത്. അതേസമയം പരാതിയില്‍ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. 

ജീവനക്കാരനെ മാറ്റാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ തന്നെക്കൊണ്ട് എച്ചില്‍ വാരിക്കുമെന്നും, ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകിക്കുമെന്നും ദലിത് ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഫയലുകള്‍ താഴെ ഇട്ടശേഷം എടുപ്പിക്കുക, പേപ്പറുകള്‍ കീറി എറിഞ്ഞശേഷം പെറുക്കി മുറി വൃത്തിയാക്കുക തുടങ്ങിയ പീഡനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയിരുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. 

ഇടതുസംഘടനയില്‍പ്പെട്ട ആളാണ് പരാതിക്കാരനായ ജീവനക്കാരന്‍. എന്നാല്‍ ജീവനക്കാരന്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. സിന്‍ഹയ്‌ക്കെതിരായ പരാതി പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ പരാതിയിന്മേല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടി എടുക്കാത്ത മുഖ്യമന്ത്രി, ബിശ്വനാഥ് സിന്‍ഹ ഇന്നലെ ആവശ്യപ്പെട്ടപ്രകാരം ഉടന്‍ തന്നെ നടപടി ഉണ്ടായത് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഇടതുസംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com