പുതിയ കെപിസിസി പ്രസിഡന്റ് ഉടൻ ; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ

കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തി. ഹൈക്കമാൻഡുമായി വീണ്ടും ചർച്ച നടത്തും
പുതിയ കെപിസിസി പ്രസിഡന്റ് ഉടൻ ; ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചു. ഇതിന്റെ ഭാ​ഗമായി കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തി. കോൺ​ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും വീണ്ടും ചർച്ച നടത്തും. നേരത്തെ കെപിസിസി പ്രസിഡന്റ് തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള നേതാക്കളിൽ നിന്ന് കോൺ​​ഗ്രസ് നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യുവാക്കളായ നേതാക്കളെ പിസിസി അധ്യക്ഷന്മാരാക്കി രാഹുൽ​ഗാന്ധി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ സംഘടനാപരമായി ശക്തവും, ​ഗ്രൂപ്പുകൾ സജീവവുമായ കേരളത്തിൽ ഹൈക്കമാൻഡ് ഏകപക്ഷീയമായി പ്രസിഡന്റിനെ അടിച്ചേൽപ്പിക്കില്ലെന്നാണ് സൂചന. നിലവിലെ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ പേരിനോടാണ് രാഹുലിന് കൂടുതൽ താൽപ്പര്യമെന്നാണ് റിപ്പോർട്ട്. പാർലമെന്ററി രം​ഗത്തെ പ്രവർത്തനമികവും ക്ലീൻ ഇമേജും സതീശന് മുൻതൂക്കം നൽകുന്നു. 

മുതിർന്ന നേതാവ്  കെ സുധാകരന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. എ ഗ്രൂപ്പില്‍നിന്ന് പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ ഉയർന്നുകേൾക്കുന്നു. കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി. തോമസ് തുടങ്ങിയവരും കേന്ദ്രനേതൃത്വത്തിന്റെ പരി​ഗണനയിലുണ്ട്. ​ഗ്രൂപ്പില്ലാത്ത മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന് മികച്ച പ്രതിച്ഛായയും തുണയാണ്. 

അതേസമയം ദലിത് മുഖം എന്നത് കൊടുക്കുന്നിൽ സുരേഷിനും, സമുദായ പരി​ഗണനകൾ കെവി തോമസിനും ബെന്നി ബഹനാനും പ്രതീക്ഷ നൽകുന്നു. അടുത്തിടെ മോദിയെ പുകഴ്ത്തിയത് ചൂണ്ടിക്കാട്ടി കെവി തോമസിനെതിരെ എതിർ വിഭാ​ഗങ്ങൾ ശക്തമായി രം​ഗത്തുവരാനും സാധ്യതയുണ്ട്. എന്നാൽ ​ഗ്രൂപ്പ് വീതംവെയ്പ് എന്ന ഏർപ്പാട് വേണ്ടെന്നാണ് രാഹുലിന്റെ മനസ്സിലെന്നാണ് റിപ്പോർട്ട്. 

പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിനായതിനാല്‍ പാര്‍ട്ടി അധ്യക്ഷപദവിയും ഐ ഗ്രൂപ്പിന് നല്‍കുന്നതില്‍ എതിര്‍പ്പുയരാം. ഇത് മറികടക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തകസമിതിയിലേക്ക് എടുക്കാനും സാധ്യതയുണ്ട്. വിഎം സുധീരന്‍ രാജിവെച്ചപ്പോൾ മുതിര്‍ന്ന വൈസ് പ്രസിഡന്റെന്ന നിലയിലാണ് എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല ലഭിച്ചത്. കേരള മോചനയാത്രയുമായി ഹസ്സൻ ഇപ്പോൾ സംസ്ഥാന പര്യടനത്തിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com