നാടു വിട്ടത് ഗര്‍ഭ കഥ പൊളിയുമെന്നായപ്പോള്‍, യുവതിയെ കാണാതായതിനു പിന്നലെ ദുരൂഹത നീങ്ങുന്നു

ഷംന മാസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണിയായെങ്കിലും അത് അലസിപ്പോയിരുന്നു.
നാടു വിട്ടത് ഗര്‍ഭ കഥ പൊളിയുമെന്നായപ്പോള്‍, യുവതിയെ കാണാതായതിനു പിന്നലെ ദുരൂഹത നീങ്ങുന്നു

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ ഷംന(21) എന്ന യുവതി ഗര്‍ഭിണിയല്ലെന്ന് കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും ഇവരെ കാണാതാകുന്നത്. പൂര്‍ണ്ണഗര്‍ഭിണിയായ ഇവരെ പരിശോദനയ്ക്കായി ആശുപത്രിയില്‍ കൊണ്ട് വന്നതായിരുന്നു. അവിടെ നിന്നും കാണാതായ ഷംനയെ ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്നും അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ കണ്ടെത്തിയ യുവതിയെ അവിടെ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഗര്‍ഭ കഥ കള്ളമായിരുന്നെന്ന് മനസിലായത്. 

ഷംന മാസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണിയായെങ്കിലും അത് അലസിപ്പോയിരുന്നു. ഇക്കാര്യം മറച്ചുവച്ച് വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്‍പില്‍ ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു. ഇനിയും മറച്ചുവയ്ക്കാനാകില്ലെന്ന് വന്നതോടെ നാടുവിട്ടതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 

'ഗര്‍ഭം'ഒന്‍പത് മാസം ആയതിനാല്‍ അടുത്തുതന്നെ പ്രസവം നടക്കുമെന്നാണ് ഭര്‍ത്താവ് അന്‍ഷാദും ബന്ധുക്കളും ധരിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവര്‍ക്കൊപ്പമാണ് ഷംന എസ്.എ.ടിയില്‍ എത്തിയത്. പരിശോധനയ്ക്ക്ക്കായി യുവതിയെ മാത്രമേ ഒ.പിയിലേക്ക് കടത്തിവിട്ടുള്ളൂ. ഇടയ്ക്ക് പുറത്ത് വന്ന് ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞ് വീണ്ടും അകത്തേക്ക് പോയ ഷംനയെ കാണാതാവുകയായിരുന്നു. 

ഒന്നരമണിക്കൂറിലെറെ കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയതോടെ സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ ഷംനയെ കണ്ടെത്തിയത്.

കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരു സ്ത്രീ അവശയായി ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. സമീപത്തെ സ്റ്റാളില്‍ നിന്ന് പത്രം വാങ്ങി ഗര്‍ഭിണിയെ കാണാതായ വാര്‍ത്തയോടൊപ്പമുള്ള ചിത്രം പരിശോധിച്ച് ഷംനയാണെന്ന് ഉറപ്പിച്ച ശേഷം കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കുകയായിരുന്നു. 

പൊലീസെത്തി യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം കരുനാഗപ്പള്ളി സ്‌റ്റേഷനില്‍ എത്തിച്ചു. പൊലീസ് അറിയിച്ചതു പ്രകാരം എത്തിയ ഭര്‍ത്താവ് അന്‍ഷാദിനെയും വാപ്പ ഷറഫിനെയും കെട്ടിപ്പിടിച്ച് ഷംന ഏറെ നേരം കരഞ്ഞു. രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് ഷംനയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കും.

എസ്എടി ആശുപത്രിയിലെ പരിശോധന നടന്നിരുന്നുവെങ്കില്‍ ഇല്ലാത്ത ഗര്‍ഭത്തിന്റെ കഥ ഭര്‍ത്താവും ബന്ധുക്കളും അറിയുമായിരുന്നു. അതൊഴിവാക്കാന്‍ വേണ്ടി ആദ്യഘട്ടം മുതലുള്ള സ്‌കാനിംഗ് റിപ്പോര്‍ട്ടും മറ്റ് രേഖകളുമായി ഷംന ഒപിയില്‍ നിന്ന് മുങ്ങുകയായിരുന്നു. ഗര്‍ഭത്തിന്റെ മൂന്നാംമാസം പാരിപ്പള്ളിയിലെ സ്ഥാപനത്തില്‍ നടത്തിയ സ്‌കാനിംഗില്‍ ഭ്രൂണത്തിന് ഒന്‍പത് ആഴ്ച വളര്‍ച്ച ഉണ്ടായിരുന്നതായി പറയുന്നുണ്ട്. 

എന്നാല്‍, ഗര്‍ഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നു. അത് അലസിപ്പോയിരിക്കണം. ഇക്കാര്യം മച്ചുവെച്ച യുവതി ഗര്‍ഭമുണ്ടെന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്. പാരിപ്പള്ളിയിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് പൊലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്. സ്‌കാനിംഗ് റിപ്പോര്‍ട്ടോ പരിശോധനാരേഖകളോ കണ്ടിരുന്നില്ലെന്ന് വീട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് ഇല്ലാത്ത ഗര്‍ഭത്തെ കുറിച്ചുള്ള സംശയം ബലപ്പെടുന്നത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com