'ദൃശ്യങ്ങള്‍ വേണ്ട' ; പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു 

പരാതിപ്പെടാനെത്തിയ യുവതിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ച്, തെളിവു കൊണ്ടുവരാന്‍ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചിരുന്നു
'ദൃശ്യങ്ങള്‍ വേണ്ട' ; പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു 

കൊച്ചി : കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു. അയല്‍വാസിയായ യുവാവിനെതിരെയാണ് ദലിത് യുവതിയുടെ പരാതി പ്രകാരം കേസെടുത്തത്. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് ലക്ഷംവീട് കോളനിയിലാണ് സംഭവം. നേരത്തെ പീഡനശ്രമം പരാതിപ്പെടാനെത്തിയ യുവതിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ച്, പരാതിക്ക് അടിസ്ഥാനമായ തെളിവു കൊണ്ടുവരാന്‍ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചിരുന്നു. ഇത് വിവാദമായതോടെയാണ് കേസെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 

അയല്‍വാസിയായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും, എതിര്‍ത്ത അമ്മയെയും മുത്തശ്ശിയെയും ആക്രമിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥര്‍, ക്യാമറ സ്ഥാപിച്ച് തെളിവുമായി വരാന്‍ പറഞ്ഞ് അപമാനിച്ചുവിടുകയായിരുന്നു. അല്ലാത്തപക്ഷം പരാതി ഒത്തുതീര്‍പ്പാക്കാനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍, ഡിജിപി, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കുകയും ചെയ്തു. 

സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇവരുടെ മൊഴി എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ നേരത്തെ ഉണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയും കുടുംബവും സ്റ്റേഷനില്‍ പോയില്ല. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആരക്കുഴ ലക്ഷംവീട് കോളനിയിലെത്തി പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് ഇവരെ അറിയിച്ചിട്ടുണ്ട്. 

അയല്‍വാസിയുടെ അതിക്രമത്തിനെതിരെ പരാതി നല്‍കാനെത്തിയ ദലിത് പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആരോപണ വിധേയനായ ഇടതു യുവജനസംഘടനാ പ്രവര്‍ത്തകനെ സംക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനെതിരെ തിങ്കളാഴ്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com