മലക്കം മറിഞ്ഞ് പൊലീസ് ; വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് ക്രൈംബ്രാഞ്ച്

പൊലീസ് പിടികൂടിയ ഒമ്പതുപേരില്‍ ഏഴുപേരും നിരപരാധികളാണെന്നും ക്രൈംബ്രാഞ്ച് പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
മലക്കം മറിഞ്ഞ് പൊലീസ് ; വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലക്കം മറിഞ്ഞ് പൊലീസ്. പൊലീസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെയല്ല. വാസുദേവന്റെ വീട് ആക്രമിച്ചതില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനും സഹോദരന്‍ സജിത്തിനും പങ്കില്ലെന്നും, പൊലീസ് പിടികൂടിയ ഒമ്പതുപേരില്‍ ഏഴുപേരും നിരപരാധികളാണെന്നും ക്രൈംബ്രാഞ്ച് പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

വാസുദേവന്റെ ആത്മഹത്യയില്‍ പൊലീസ് നിരപരാധികളെയാണ് പിടികൂടിയത്. പിടികൂടിയവരില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് വീട് ആക്രമിച്ച സംഭവവുമായി ബന്ധമുള്ളത്. എന്നാല്‍ ഇവര്‍ക്ക് ആക്രമണത്തില്‍ നേരിട്ട് പങ്കില്ല. പ്രതികള്‍ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രരണാകുറ്റം നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടര്‍ന്ന് പ്രതികള്‍ക്കെതിരായ ആത്മഹത്യാപ്രേരണ കുറ്റം ഒഴിവാക്കിയിട്ടുണ്ട്. 

അതേസമയം വീട് ആക്രമണവുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വീട് ആക്രമണവുമായി ബന്ധപ്പെട്ട് സജിത്തും, ശ്രീജിത്തും യഥാര്‍ത്ഥ പ്രതികളല്ലെന്ന് സമ്മതിച്ച പൊലീസ്, പുതിയ അന്വേഷണത്തിനും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് കേസിലെ എഫ്‌ഐആര്‍ നിലനില്‍ക്കുമെന്ന നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വാസുദേവന്റെ വീട് ആക്രമിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. 

ഈ നിലപാടിനെ തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ പൊലീസ് കോടതിയില്‍ എതിര്‍ത്തിരുന്നില്ല. തുടര്‍ന്ന് സജിത്ത് അടക്കമുള്ള പ്രതികള്‍ക്ക് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 

അതിനിടെ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്ന വരാപ്പുഴ എസ്‌ഐ ദീപക്കിന്റെ മൊഴി ശരിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.  സിഐയുടെ നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെത്തിയത്. പ്രതികളെ കാണാനെത്തിയവരോട് ദേഷ്യപ്പെട്ടു എന്നല്ലാതെ പ്രതികളെ മര്‍ദിച്ചിട്ടില്ല എന്നായിരുന്നു ദീപക് അന്വേഷണ സംഘത്തോട് പറഞ്ഞത്. 

എന്നാല്‍ തിരുവനന്തപുരത്ത്് നിന്നും പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദീപക് സ്റ്റേഷനിലെത്തിയത്. രാത്രി ബൈക്ക് ഓടിച്ചു വന്നതിന്റെ ദേഷ്യം രാത്രി വന്നയുടനെ കേസിലെ ഒരു പ്രതി ശരത്തില്‍ തീര്‍ത്തു. ഇയാളെ കാലില്‍ പിടിച്ച് ലോക്കപ്പിന് വെളിയിലിട്ട് മര്‍ദിച്ചു. 

തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയ എസ്‌ഐ ദീപക്ക്, രാവിലെ ആറുമണിയോടെ സ്‌റ്റേഷനില്‍ തിരിച്ചെത്തി ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com