പിണറായിയിലെ ദുരൂഹ മരണങ്ങള്‍; ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2018 02:52 PM |
Last Updated: 23rd April 2018 02:52 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂര്‍: നാലു മാസത്തിനിടെ മൂന്നു ദുരൂഹ മരണങ്ങള്‍ നടന്ന വീട്ടിലെ ഒന്‍പതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. ഛര്‍ദിയെത്തുടര്‍ന്ന് മരിച്ച ഐശ്വര്യയുടെ മൃതദേഹമാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. ഇതിന് കോടതിയുടെ അനുമതി ലഭിച്ചു.
തലശ്ശേരി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെ കുടുംബത്തിലാണ് നാലു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യ ഇപ്പോള്‍ ആശുപത്രിയിലാണ്. സൗമ്യയുടെ മകളാണ് ഐശ്വര്യ.
2012ല്‍ സൗമ്യയുടെ ഒന്നര വയസ്സുള്ള കുട്ടി ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചതാണ് ഇവരുടെ വീട്ടില്‍ നടന്ന ആദ്യ അസ്വാഭാവിക മരണം. ഇക്കഴിഞ്ഞ ജനുവരി 21ന് സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഒന്‍പതു വയസ്സുള്ള ഐശ്വര്യയും അതേ രോഗലക്ഷണവുമായി ചികിത്സയിലിരിക്കെ മരിച്ചു. മാര്‍ച്ച് ഏഴിന് അമ്മ വടവതി കമലയും ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചതോടെ ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. അമ്മ മരിച്ച് 41ാമത്തെ ദിവസം അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിച്ചു. ഇതോടെ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതിനിടയിലാണ് സൗമ്യയെ കഴിഞ്ഞ ദിവസം ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന യുവതിയെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളില്‍ നിന്നും വീടുമായി അടുപ്പമുള്ളവരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മഫ്തിയിലുള്ള വനിതാ പൊലീസിന്റെ കാവല്‍ സദാ ഉണ്ട്.