ഗുരുവായൂരിലെ പ്രസാദഊട്ട്; സര്‍വാണി സദ്യയാക്കരുതെന്ന് ഹിന്ദു ഐക്യവേദി 

ക്ഷേത്രവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി
ഗുരുവായൂരിലെ പ്രസാദഊട്ട്; സര്‍വാണി സദ്യയാക്കരുതെന്ന് ഹിന്ദു ഐക്യവേദി 

ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദഊട്ടിനെ സര്‍വാണി സദ്യയാക്കി മാറ്റരുതെന്ന് ഹിന്ദുഐക്യവേദി. ക്ഷേത്രത്തിലെ പ്രസാദ് ഊട്ട് ഭക്തര്‍ക്ക് വേണ്ടിയുളളതാണ്. അത് ക്ഷേത്രാചാരങ്ങള്‍ക്ക് അനുസൃതമായി നടക്കുന്നതുമാണ്.

ക്ഷേത്രവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി പറഞ്ഞു. 

അതേസമയം ക്ഷേത്രത്തിലെ പ്രസാദ് ഊട്ട് സംബന്ധിച്ച വിവാദതീരുമാനം ചൊവ്വാഴ്ച ചേരുന്ന ഭരണസമിതി യോഗം പിന്‍വലിച്ചേക്കും. ഗുരുവായൂരപ്പഭക്തര്‍ക്ക് താത്പര്യമില്ലാത്തതൊന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ ദാസ് വ്യക്തമാക്കി.

കഴിഞ്ഞ ഭരണസമിതി യോഗത്തിലായിരുന്നു പ്രസാദഊട്ടിലെ പരിഷ്‌കാരം കൊണ്ടുവന്നത്. ക്ഷേത്രത്തിന് പുറത്ത് പ്രത്യേക ഊട്ടുശാലയില്‍ പാന്റ്‌സും ഷര്‍ട്ടും ഷൂസും ധരിച്ച് കയറാമെന്നും ഇതരമതസ്ഥരെ കൂടി പരിഗണിക്കാമെന്നുമായിരുന്നു തീരുമാനം. കഴിഞ്ഞാഴ്ച ഇത് നിലവില്‍ വന്നു. രണ്ടാമത്തെ ദിവസം തന്നെ ഇതരമതസ്ഥര്‍ പ്രസാദഊട്ടില്‍ പ്രവേശിക്കുകയുമുണ്ടായി. 

ദേവസ്വത്തിന്റെ പുതിയ തീരുമാനം ഭരണസമിതിയിലെ സ്ഥിരാംഗം കൂടിയായ തന്റെ അറിവോടെയല്ലെന്നു പറഞ്ഞ് വലിയ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയതോടെ വിവാദത്തിന് കൂടുതല്‍ ചൂടുപിടിച്ചു. ദേവസ്വത്തിലെ ജീവനക്കാരുടെ സംഘടനകളും തീരുമാനത്തിനെതിരെ രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com