നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍ ; കോടതിയെ സമീപിക്കാനൊരുങ്ങുന്നു

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും
നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍ ; കോടതിയെ സമീപിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. ചെറിയ രീതിയിലെങ്കിലും ഇത് നടപ്പാക്കുകയാണെങ്കില്‍പ്പോലും ചികിത്സാ ചെലവ് അടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെ ആലോചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ മറ്റന്നാള്‍ കൊച്ചിയില്‍ സംഘടനകള്‍ യോഗം ചേരും. ഇതിനുശേഷമാകും കോടതിയെ സമീപിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുക. 

ഇന്നലെ രാത്രിയോടെയാണ് നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് നഴ്സുമാരുടെ ശമ്പളം 20,000 രൂപയായി. സര്‍ക്കാര്‍ ഉത്തരവിറക്കിയ പശ്ചാത്തലത്തിൽ  ഇന്ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്‌സുമാര്‍ ഉപേക്ഷിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com