ആവേശ തിടമ്പേറ്റി പൂരപ്രേമികൾ തൃശൂരിലേക്ക് ഒഴുകുന്നു; ആഘോഷപൂരം തുടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 25th April 2018 08:30 AM  |  

Last Updated: 25th April 2018 08:30 AM  |   A+A-   |  

 

തൃശൂർ: ഇന്ന് കണ്ണും കാതും തൃശൂരിലേക്ക്. ആഘോഷപ്പൂരത്തിന്റെ ലഹരി ആസ്വദിക്കാൻ പൂരപ്രേമികൾ തൃശൂരിലേക്ക് ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. ഇതോടെ ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. 

11നു പഴയ നടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധുവാണ് പ്രമാണി. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം. 

തുടർന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ  ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ  തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും.  വൈകിട്ട് 5.30 നു തെക്കേഗോപുരനടയിൽ  വിശ്വപ്രസിദ്ധമായ കുടമാറ്റം.

പരസ്പരം അഭിമുഖമായി നിൽക്കുന്ന ഇരുവിഭാഗത്തിന്റെയും  15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പൻ മാരാർ പ്രമാണിയാകും.  തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒൻപതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.