ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും;  ശക്തമായ ഇടപെടലുമായി ഡിജിപി 

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും;  ശക്തമായ ഇടപെടലുമായി ഡിജിപി 

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം. ഇവരെക്കുറിച്ച് അന്വേഷിക്കാനും അവര്‍ക്കെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്യാനും െ്രെകംബ്രാഞ്ച് മേധാവി ഡി.ജി.പി. മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് രൂപംനല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റലിജന്‍സ് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, ആഭ്യന്തര സുരക്ഷാവിഭാഗം എസ്.പി. ടി. നാരായണ്‍, സായുധ സേന ഡി.ഐ.ജി. ഷഫീന്‍ അഹമ്മദ്, എന്‍.ആര്‍.ഐ. സെല്‍ എസ്.പി. എന്‍. വിജയകുമാര്‍ എന്നിവരാണ് സമിതിയിലുള്ളത്. സമിതി ഉടന്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

പോലീസ് സേനയിലെ 1129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇവരില്‍ പലരും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഇവരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ സമിതി പരിശോധിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സര്‍വീസില്‍ തുടരുന്നതിന്റെ ധാര്‍മികത കോടതികളും വിവിധ ഏജന്‍സികളും ചോദ്യംചെയ്തിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ഇക്കാര്യത്തില്‍ സംസ്ഥാന പോലീസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരില്‍ 215 പേര്‍ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണ്. പത്ത് ഡിവൈ.എസ്.പിമാരും എട്ട് സി.ഐ.മാരും പട്ടികയലുണ്ട്. 195 എസ്.ഐമാരും ക്രിമിനല്‍ കേസ് പ്രതികളാണ്. കസ്റ്റഡി മര്‍ദനം, സ്ത്രീപീഡനം, കൈക്കൂലി, മയക്കുമരുന്ന് കേസ് അടക്കം വിവിധ കേസുകളുണ്ട് ഉദ്യോഗസ്ഥരുടെ പേരില്‍. കൊല്ലത്ത് 146 പേരും, എറണാകുളത്ത് 125 പേരും കേസുകളില്‍ പ്രതികളാണ്. 2018 ഫിബ്രവരിയിലാണ് പോലീസ് സമിതി ഏറ്റവും ഒടുവില്‍ യോഗം ചേര്‍ന്ന് കേസുകള്‍ പരിശോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com