മുഖ്യമന്ത്രിയുടെ പ്രതികരണം നിയമമറിയാതെ: മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ 

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്
മുഖ്യമന്ത്രിയുടെ പ്രതികരണം നിയമമറിയാതെ: മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ 

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിത്തം പൊലീസിനാണെന്ന് അദ്ദേഹം പറഞ്ഞു.  ഈ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കമ്മീഷന് ഈ വിഷയത്തില്‍ ഇടപെടാന്‍ അവകാശമുണ്ട്. അത് ജനങ്ങളെ അറിയിക്കാന്‍ നിയമപരമായ ബാധ്യത മനുഷ്യാവകാശ കമ്മീഷനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി നിയമം അറിയാതെ പറഞ്ഞതാകാം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറിയിട്ടില്ല. ആരോപണ വിധേയനായ ഒരാളെയാണ് പൊലീസിന് പരിശീലനം നല്‍കാന്‍ നിയമിച്ചത്. ഇതിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായ ഭാഷയിലായിരുന്നു പിണറായി വിജയന്‍ വിമര്‍ശിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ , കമ്മീഷന്റെ പണി എടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 കമ്മീഷന്റെ ചുമതല വഹിക്കുന്ന ആള്‍ രാഷ്ട്രീയം പറയരുത്. അദ്ദേഹത്തിന്റെ വാക്കുകളെ അപക്വമായ നിലപാടുകളായി കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അദ്ദേഹം എന്ത് അടിസ്ഥാനത്തിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com