മോദിക്കു പ്രശംസ: കെവി തോമസിന് നന്ദിയെന്ന് ബിജെപി; രാഹുല്‍ ഗാന്ധിക്കു ക്ലാസെടുക്കാന്‍ ഉപദേശം

മോദിക്കു പ്രശംസ: കെവി തേമസിന് നന്ദിയെന്ന് ബിജെപി; രാഹുല്‍ ഗാന്ധിക്കു ക്ലാസെടുക്കാന്‍ ഉപദേശം
മോദിക്കു പ്രശംസ: കെവി തോമസിന് നന്ദിയെന്ന് ബിജെപി; രാഹുല്‍ ഗാന്ധിക്കു ക്ലാസെടുക്കാന്‍ ഉപദേശം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു സംസാരിച്ച കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് ബിജെപിയുടെ നന്ദി പ്രകടനം. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തനിടെ കെവി തോമസിന് നന്ദി അറിയിച്ചത്. 

കെവി തോമസ് മോദിയെ പ്രശംസിച്ചതില്‍ നന്ദിയുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെക്കൂടിസ ഇക്കാര്യങ്ങള്‍ കെവി തോമസ് ബോധ്യപ്പെടുത്തണം. രാഹുല്‍ ഗാന്ധിക്ക് കെവി തോമസ് ഇംഗ്ലീഷില്‍ ക്ലാസ് എടുക്കണമെന്നും ഗോപാലകൃഷ്ണന്‍ നിര്‍ദേശിച്ചു. മോദിക്കെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് കെവി തോമസ് രംഗത്തുവന്നത്. ഇതില്‍ പാര്‍ട്ടി കെവി തോമസിനോടു വിശദീകരണം തേടിയിരുന്നു. 

സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ മോദിയോട് ആശയവിനിമയം നടത്തുമ്പോഴാണെന്നാണ് കെ വി തോമസ് പ്രസംഗിച്ചത്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മോദിയുടെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി രംഗത്തെത്തിയത്. തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. ഇത് നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.

'നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല. ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്.

ബൊഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും മോദി സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

അതേസമയം തന്റെ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നുവെന്നാണ് കെവി തോമസ് പറയുന്നത്. ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്. അത് തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കെവി തോമസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com