കണ്ണൂരില്‍ ഉറഞ്ഞുതുള്ളിയ തെയ്യം വാളെടുത്ത് വെട്ടി; ആചാരമായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കി

ക്ഷേത്ര കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ തലശേരി സ്വദേശി ബൈജുവും പരിക്കേറ്റവരുടെ ചികിത്സ ചിലവ് വഹിക്കാമെന്ന ധാരണയിന്മേലാണ് സംഭവം ഒത്തുതീര്‍പ്പാക്കിയത്‌ 
കണ്ണൂരില്‍ ഉറഞ്ഞുതുള്ളിയ തെയ്യം വാളെടുത്ത് വെട്ടി; ആചാരമായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കി

കണ്ണൂര്‍: കണ്ണൂരില്‍ ഉറഞ്ഞാടിയ തെയ്യക്കോലം വാളെടുത്ത് വെട്ടിയതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. തില്ലങ്കേരിയിലെ ഇയ്യമ്പോട് വയല്‍ത്തറ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. നാട്ടുകാരായ രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കേസെടുക്കേണ്ടതില്ലെന്ന ഇവരുടെ ആവശ്യം പരിഗണിച്ച് സംഭവം ഒത്തുതീര്‍ക്കുകയായിരുന്നു

ക്ഷേത്ര കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ തലശേരി സ്വദേശി ബൈജുവും പരിക്കേറ്റവരുടെ ചികിത്സ ചിലവ് വഹിക്കാമെന്ന ധാരണയിന്മേലാണ് സംഭവം ഒത്തുതീര്‍പ്പാക്കിയതെന്ന് പൊലീസ് പറയുന്നു

കൈത ചാമുണ്ഡിയെന്ന ഉഗ്ര സ്വരൂപമായ തെയ്യത്തിന് ചുറ്റും കൂകിവിളിച്ചോടുന്നതും തെയ്യം വാളെടുത്ത് വീശുന്നതും ആചാരമാണ്. വെട്ടേല്‍ക്കാനുളള സാധ്യതയുളളതിനാല്‍ ഭക്തജനങ്ങള്‍ സൂക്ഷിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി നിരന്തരം മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്നു.
കൂകിവിളിച്ച് പിന്നാലെ ഓടിയ രണ്ട് പേര്‍ക്കാണ് തെയ്യക്കോലത്തിന്റെ വെട്ടേറ്റത്. കോലം അഴിച്ചുവച്ചതോടെ കോലം കെട്ടിയാടിയ തലശേരി സ്വദേശി ബൈജുവിനെതിരെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി എത്തി.

സംഭവത്തിന് പിന്നാലെ ബൈജുവിനെ മുഴക്കുന്ന് പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ആചാരമായതിനാല്‍ കേസിന് താത്പര്യമില്ലെന്ന് പരിക്കേറ്റവര്‍ പിന്നീട് നിലപാടെടുത്തതോടെ ചികിത്സ ചിലവ് വഹിക്കാമെന്ന ധാരണയില്‍ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.തെയ്യക്കോലം ഉറഞ്ഞ ശേഷമുളള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com