ജനകീയ പ്രക്ഷോഭങ്ങളില്ല: സെക്രട്ടേറിയറ്റ് പിരിച്ചുവിടുന്നതാണ് നല്ലത്;  സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം
ജനകീയ പ്രക്ഷോഭങ്ങളില്ല: സെക്രട്ടേറിയറ്റ് പിരിച്ചുവിടുന്നതാണ് നല്ലത്;  സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം. ബിജെപിക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടുവെന്ന് ഗ്രൂപ്പുതിരിഞ്ഞുള്ള ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. 

ദേശീയതലത്തില്‍ ഒരുവിധ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും കേന്ദ്രനേതൃത്വത്തിന് സാധിച്ചില്ല. എഐഎസ്എഫും എഐവൈഎഫും നടത്തിയ ലോങ് മാര്‍ച്ച് മാത്രമാണ് നടത്തിയതെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. 

നിര്‍ജീവമായി മാറിയ കേന്ദ്ര സെക്രട്ടേറിയറ്റ് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വിഎസ് സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. 
കേന്ദ്ര ഘടകം പ്രേതാലയമായി മാറിയെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു. നേതാക്കള്‍ക്കു പ്രസംഗങ്ങള്‍ നടത്താന്‍ മാത്രമാണ് ശ്രദ്ധയെന്നും പാര്‍ട്ടി പ്രവര്‍ത്തനം പ്രസംഗ മത്സരമായി മാറിയെന്നും മഹേഷ് കക്കത്ത് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കേരള ഘടകത്തിലുള്ള ഭിന്നതയും പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ നീക്കി. ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിഎസ് സുനില്‍ കുമാറും ആര്‍ ലതാദേവിയും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഇവര്‍ ചൂ്ണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം മറയില്ലാതെ പ്രഖ്യാപിക്കണമെന്ന് പി പ്രസാദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പ്രതിനിധികള്‍ക്കു നല്‍കാത്തതിലും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ഒരു സംസ്ഥാന ഘടകത്തിന് ഒരു റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെയാണ് പ്രതിനിധികള്‍ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com