'മോദിഭക്തരെ, ആരാണീ കുട്ടന്‍ എന്നാണ് നിങ്ങള്‍ കരുതിയത്?' 

ഏറിയാല്‍ മേളം ഒന്ന് ചെറുതായി ഉലയും, നിന്നുപോവുകയൊന്നുമില്ല അരസികകുക്ഷികളെ!
'മോദിഭക്തരെ, ആരാണീ കുട്ടന്‍ എന്നാണ് നിങ്ങള്‍ കരുതിയത്?' 

തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനിടെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊന്നാടയണിയിച്ച് ആദരിച്ചത് മേളത്തെ തടസ്സപ്പെടുത്തിയെന്ന വിമര്‍ശനത്തിനെതിരെ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീവത്സന്‍ തിയ്യാടി. തായമ്പക മുറുകിവരുന്ന നേരത്ത് കൊട്ടുന്നയാളെ ആസ്വാദകര്‍ മാലയിടലും പഞ്ചവാദ്യം കാലംമാറിയതിനു പിന്നാലെ കലാകാരന്മാര്‍ക്ക് സംഘാടകര്‍ സംഭാരം കൊടുക്കുകയും ഒക്കെ നാട്ടുനടപ്പാണെന്ന് ശ്രീവത്സന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പ്രമാണിക്കുന്നയാള്‍ ചെണ്ട വച്ചുപോയിവരുന്ന മേളങ്ങള്‍ വരെയുണ്ടെന്നും അതിലൂടെ മേളം ചെറുതായൊന്ന് ഉലയുകയല്ലാതെ നിന്നുപോവുകയൊന്നുമില്ലെന്ന് ശ്രീവത്സന്‍ പറയുന്നു.

ശ്രീവത്സന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

തായമ്പക മുറുകിവരുന്ന നേരത്ത് കൊട്ടുന്നയാളെ ആസ്വാദകര്‍ മാലയിടലും പഞ്ചവാദ്യം കാലംമാറിയതിനു പിന്നാലെ കലാകാരന്മാര്‍ക്ക് സംഘാടകര്‍ സംഭാരം കൊടുക്കുകയും ഒക്കെ നാട്ടുനടപ്പാണ്.

ഇന്നലെ തൃശൂര്‍പ്പൂരം ഉച്ചതിരിഞ്ഞപ്പോള്‍ ഇലഞ്ഞിച്ചുവട്ടില്‍ പാണ്ടി നയിച്ചുകൊണ്ടിരുന്ന പെരുവനം കുട്ടന്‍മാരാരെ വന്ന് കേരള മുഖ്യമന്ത്രി എന്തോ പാരിതോഷികം കൊടുത്ത് അനുമോദിച്ചതോടെ 'മേളം നിലച്ചുപോയി' എന്ന് വിലപിച്ചുകാണുന്നു കുറേ സുഹൃത്തുക്കള്‍. (അതെ, മിക്കവാറും മുന്തിയയിനം സംഘികള്‍.) പ്രമാണിക്കുന്നയാള്‍ ചെണ്ട വച്ചുപോയിവരുന്ന മേളങ്ങള്‍ വരെയുണ്ട് അത്യാവശ്യം. ഏറിയാല്‍ മേളം ഒന്ന് ചെറുതായി ഉലയും, നിന്നുപോവുകയൊന്നുമില്ല അരസികകുക്ഷികളെ!

മോദിഭക്തരെ, ആരാണീ കുട്ടന്‍ എന്നാണ് നിങ്ങള്‍ കരുതിയത്? തൊട്ടുമുമ്പില്‍ എഴുന്നള്ളിച്ച ആന ഇടഞ്ഞിട്ടുവരെ പഞ്ചാരി തുടര്‍ന്നിട്ടുണ്ട് ഇദ്ദേഹം. കനത്ത മഴയത്ത് ചെണ്ട കുതിര്‍ന്നിട്ടും പ്രമാണം തുടര്‍ന്നുപോന്നിട്ടുള്ള കക്ഷിയാണ്.

ഇങ്ങോരുടെ മേളം നിര്‍ത്താനൊന്നും ഒരു പിണറായി വിജയനും വളര്‍ന്നിട്ടില്ല, കൂട്ടരേ! (മാര്‍ക്‌സിസ്റ്റ് വിരോധമൊക്കെ വേറെ കാര്യം.)

വാല്‍ക്കഷ്ണം: പൂരപ്പറമ്പില്‍ ഞരമ്പുരോഗികള്‍ ഉണ്ട് എന്ന് പറയുന്നവരെ ഇന്ന് വിമര്‍ശിച്ചു കാണുന്നവര്‍തന്നെ ഇന്നലെവരെ വിലപിച്ചിരുന്നു ഇടതുഭരണ കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന്. അതായത്, തേക്കിന്‍കാട് മൈതാനവും സ്വരാജ് റൗണ്ടും ഈയൊരുദിവസം സാത്വികരുടെമാത്രം പ്രസാദഭൂവായിരിക്കുംപോലും! ഹിന്ദുത്വബാധമൂലം സാമാന്യബുദ്ധിപോലും പൊയ്‌പോയിവരുന്നു മലയാളിസമൂഹത്തില്‍!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com