തൃശ്ശൂര്‍ പൂരത്തെയും ഹൈന്ദവദൈവങ്ങളെയും അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് : ആര്‍എംപി നേതാവിനെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th April 2018 07:54 AM |
Last Updated: 28th April 2018 07:54 AM | A+A A- |

തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഹൈന്ദവദൈവങ്ങളെ അപമാനിക്കുന്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ ആര്‍ എം പി നേതാവിനെതിരെ കേസെടുത്തു. ആര്‍എംപി.യുടെ യുവജനവിഭാഗമായ ആര്‍ വൈ എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍ എ സഫീറിന്റെ പേരിലാണ് മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കേസെടുത്തത്. ബിജെപി, വിഎച്ച്പി നേതാക്കളുടെ പരാതിയിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്.
ബി ജെ പി തളിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭഗീഷ് പൂരാടനും വിശ്വഹിന്ദു പരിഷത്ത് തളിക്കുളം ഖണ്ഡ് ജനറല്‍ സെക്രട്ടറി പ്രജീഷ് പടിയത്തുമാണ് സഫീറിനെതിരെ പരാതി നൽകിയത്. ഏപ്രില്‍ 25-ന് സഫീറിന്റേതായി വന്ന പോസ്റ്റില്‍ പൂരത്തിനുള്ള ദേവിമാരുടെ വരവിനെക്കുറിച്ചും കുടമാറ്റത്തെക്കുറിച്ചും വെടിക്കെട്ടിനെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്ന തരത്തിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുമുള്ള പരാമര്‍ശങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളതെന്ന് പരാതിയില്‍ പറയുന്നു. സഫീര്‍ തന്നെയാണോ പോസ്റ്റിട്ടതെന്ന് സൈബര്‍സെല്‍ പരിശോധിച്ചശേഷം സൈബര്‍ വകുപ്പുകള്‍ കേസിലുള്‍പ്പെടുത്തും. അതേസമയം, ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ, സഫീര്‍ അത് പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിട്ടുണ്ട്.