പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പൊലീസിന്റെ ജോലി; അശ്വതി ജ്വാലക്കെതിരായ അന്വേഷണത്തില്‍ അസ്വാഭാവികതയില്ലെന്ന് കടകംപള്ളി

കോവളത്ത് ദുരൂഹസസാഹചര്യത്തില്‍ മരിച്ച ലാത്വിയന്‍ സ്വദേശി ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പൊലീസിന്റെ ജോലി; അശ്വതി ജ്വാലക്കെതിരായ അന്വേഷണത്തില്‍ അസ്വാഭാവികതയില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: കോവളത്ത് ദുരൂഹസസാഹചര്യത്തില്‍ മരിച്ച ലാത്വിയന്‍ സ്വദേശി ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തി എന്ന പരാതിയില്‍ പൊലീസ് കേസെടുത്തതില്‍ അസ്വാഭാവികത ഇല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

പരാതി ലഭിച്ചാല്‍ അന്വേഷിക്കുക എന്നതാണ് പൊലീസിന്റെ ജോലി. അവര്‍ ജോലി ചെയ്യുന്നത് എങ്ങനെ തെറ്റാകും. അശ്വതിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വ്യക്തിപരമായി അറിയാത്ത ഒരാള്‍ വ്യാജ പണപ്പിരിവിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നുവെ ന്നും പരാതിയില്‍ പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് എന്നുമാണ് അവര്‍ പറഞ്ഞത്  കടകംപള്ളി പറഞ്ഞു. 

തെറ്റ് ചെയ്തിട്ടില്ലാ എന്നുറപ്പുണ്ടെങ്കില്‍ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ഞാന്‍ അശ്വതിയെ ആശ്വസിപ്പിക്കുകയാണ് ഉണ്ടായത്. പൊലീസ് മനപ്പൂര്‍വം വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നതടക്കം അശ്വതിക്ക് തെറ്റായ പല തോന്നലുകളും ഉണ്ട്. ലിഗയുടെ വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് സംസാരിച്ചതിനെക്കുറിച്ച് രണ്ട് ദിവസം മുമ്പ് അശ്വതി എന്നെ കാണാന്‍ വന്നപ്പോള്‍ സംസാരിച്ചിരുന്നു. പിശകു പറ്റിയതാണെന്നും അതില്‍ ഖേദമുണ്ടെന്നുമാണ് അന്നവര്‍ എന്നോട് പറഞ്ഞത്  കടകംപള്ളി കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം കാണാന്‍ അനുമതി നിഷേധിച്ചു എന്നാണ് അവര്‍ പറഞ്ഞത് അങ്ങനെയെങ്കില്‍ ഞാനടക്കം പരിചയമുള്ള ആരോടെങ്കിലും സംസാരിച്ച് മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഉണ്ടാക്കാന്‍ അവര്‍ക്കു സാധിക്കുമായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച ദിവസം അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം പരാതിക്കാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല എന്നത് സത്യമാണ്. അല്ലാതെ വിളിച്ച് അനുമതി വാങ്ങിയ ശേഷം കാണാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രി മനപ്പൂര്‍വം അവരെ കാണാന്‍ വിസമ്മതിക്കുകയല്ല ചെയ്തത്. 

സര്‍ക്കാരിനുമേല്‍ അനാശ്യമായി പഴിചാരാനുള്ള ശ്രമമാണ് അശ്വതി ജ്വാലയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ടൂറിസം വകുപ്പില്‍ നിന്നും വീഴ്ച ഉണ്ടായിട്ടില്ല. അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ലിഗയുടെ സഹോദരിയുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. ഇത് കേസില്‍ കാര്യമായ അന്വേഷണം നടക്കാത്തതിനാലാണ് എന്നു വരുത്തിത്തീര്‍ത്ത് ലിഗയുടെ സഹോദരിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും കടകംപള്ളി പറഞ്ഞു. 

ലിഗയുടെ മരണം കേരളത്തിലെ ടൂറിസത്തിനെ ബാധിക്കുകയില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ടാല്‍ മതിയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരികള്‍ ഒരിക്കലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലമാണ് കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാടുകള്‍. അതുകൊണ്ടാണ് അവിടേക്ക് അന്വേഷണം എത്താന്‍ താമസിച്ചത്. ഈ സാഹചര്യത്തില്‍ ഗൈഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കടുത്തുള്ള ഇത്തരം സ്ഥലങ്ങള്‍ എങ്ങനെ സംരക്ഷിക്കണം എന്നതിന് വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കുകയും ചെയ്യും  കടകംപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com