പുന:പ്രതിഷ്ഠയും നിത്യപൂജയും വേണം; മംഗളാദേവി ക്ഷേത്രം കേരളത്തിന്റെതാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഇടുക്കി കുമളിയിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ശക്തമാക്കുന്നു
പുന:പ്രതിഷ്ഠയും നിത്യപൂജയും വേണം; മംഗളാദേവി ക്ഷേത്രം കേരളത്തിന്റെതാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

കുമളി: ഇടുക്കി കുമളിയിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്മേലുള്ള അവകാശം സ്ഥാപിച്ചെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ചിത്രപൗര്‍ണമി ദിനമായ തിങ്കളാഴ്ച മംഗളാദേവി ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍  സന്ദര്‍ശിക്കും. 

അവകാശത്തര്‍ക്ക വിഷയത്തില്‍ കേരളതമിഴ്‌നാട് ദേവസ്വം മന്ത്രിമാരുടെ യോഗം വിളിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ക്ഷേത്രം പുനര്‍നിര്‍മിച്ച് പുനഃപ്രതിഷ്ഠ നടത്താനും നിത്യപൂജ നടത്താനും അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. തമിഴ്‌നാടിന്റെ വാദങ്ങള്‍ അനാവശ്യമാണെന്നും ക്ഷേത്രനിര്‍മാണം തടസ്സപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

പൂജ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടുന്നതില്‍ വനംവകുപ്പിന് എതിര്‍പ്പുണ്ട്. നിലവില്‍ ഒരുദിവസം മാത്രം പൂജ ചെയ്യാനാണ് നിയമം അനുശാസിക്കുന്നതെന്നും കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കണമെങ്കില്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്നും വനംവകുപ്പ് പറയുന്നു.

എന്നാല്‍ ശബരിമലയില്‍ ഇല്ലാത്ത പ്രശ്‌നം ഇവിടെയെന്തിനാണെന്നും വകുപ്പുകള്‍ ചേര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്നുമാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

ഇടുക്കി ജില്ലയിലെ കുമളിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗളദായിനി സങ്കല്‍പ്പത്തിലുള്ള ശ്രീഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. 108 ദുര്‍ഗാലയങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണിത്. മധുരാപുരി ചുട്ടെരിച്ചശേഷം കണ്ണകി മംഗളാദേവിയിലെത്തിയെന്നാണ് ഐതിഹ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com