കോച്ച് ഫാക്ടറി സമരം: യുഡിഎഫ് എംപിമാര്‍ അവസാനനിമിഷം മുങ്ങിയെന്ന് എം ബി രാജേഷ്

കോച്ച് ഫാക്ടറി പ്രശ്‌നത്തില്‍ പാര്‍ലമെന്റിന് മുന്‍പില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയ യുഡിഎഫ് എംപിമാര്‍ അവസാനനിമിഷം കാരണം ഒന്നുംപറയാതെ വിട്ടുനിന്നെന്ന് എം ബി രാജേഷ്
കോച്ച് ഫാക്ടറി സമരം: യുഡിഎഫ് എംപിമാര്‍ അവസാനനിമിഷം മുങ്ങിയെന്ന് എം ബി രാജേഷ്

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നത്തില്‍ പാര്‍ലമെന്റിന് മുന്‍പില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയ യുഡിഎഫ് എംപിമാര്‍ അവസാനനിമിഷം കാരണം ഒന്നുംപറയാതെ വിട്ടുനിന്നെന്ന് എം ബി രാജേഷ് എംപി . കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ യോജിച്ച പ്രതിഷേധം ഇന്ന് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത് യു.ഡി.എഫ്.എം.പി.മാരുമായി ആലോചിച്ചാണ്. അവര്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് എം ബി രാജേഷ് എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാത്രമല്ല,പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. താനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ല. കോണ്‍ഗ്രസ് എം.പി.മാര്‍ വിലക്കിയതാവണം. ഇന്നലെ സി.പി.എം ലോക്‌സഭാ നേതാവ് പി.കരുണാകരന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ.സി.വേണുഗോപാലുമായി സംസാരിച്ചാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പാലക്കാട് എം.പി. എന്ന നിലയില്‍ ഞാനും കെ.സി.വേണുഗോപാലടക്കം കഴിയാവുന്നത്ര യു.ഡി.എഫ്.എം.പി.മാരോടും സംസാരിച്ചിരുന്നു. എന്നിട്ടും പ്രതിഷേധ സമരത്തില്‍ നിന്നും യുഡിഎഫ് എംപിമാര്‍ വിട്ടുനിന്നതിനെ കൊടിയ വഞ്ചനയായി മാത്രമേ കാണാനാവുവെന്ന് എം ബി രാജേഷ് പറഞ്ഞു. 

'അല്ലെങ്കിലും കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഏറ്റവുമധികം വഞ്ചന കാട്ടിയിട്ടുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളായിരുന്നല്ലോ. അതേ പാത പിന്തുടരുന്ന മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്ത് ധാര്‍മ്മിക അവകാശം?'- എം ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'യു.ഡി.എഫ്.എം.പി.മാര്‍ അവസാന നിമിഷം പിന്‍മാറിയത് കോച്ച് ഫാക്ടറി കാര്യത്തില്‍ തങ്ങള്‍ കാണിച്ച വഞ്ചനയുടെ കുറ്റബോധം കൊണ്ടാവാനെ തരമുള്ളൂ. പക്ഷേ, ഞങ്ങളെയാരും വിളിച്ചില്ല, ഞങ്ങളോടാരും പറഞ്ഞില്ല, ഞങ്ങളൊന്നുമറിഞ്ഞില്ല എന്നിനി മിണ്ടിപ്പോകരുത്. നിങ്ങള്‍ തനി വഞ്ചകരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു'- എം ബി രാജേഷ് കുറിച്ചു.

എം ബി രാജേഷ് എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തങ്ങള്‍ എത്ര സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യു.ഡി.എഫ്.എം.പി.മാര്‍ ഇന്ന് തെളിയിച്ചു. കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ യോജിച്ച പ്രതിഷേധം ഇന്ന് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത് യു.ഡി.എഫ്.എം.പി.മാരുമായി ആലോചിച്ചാണ്. അവര്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നു. മാത്രമല്ല,പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവട്ടെ താനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ല. കോണ്‍ഗ്രസ് എം.പി.മാര്‍ വിലക്കിയതാവണം. ഇന്നലെ സി.പി.എം ലോക്‌സഭാ നേതാവ് പി.കരുണാകരന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ.സി.വേണുഗോപാലുമായി സംസാരിച്ചാണ് ഇന്ന് സംയുക്ത പ്രതിഷേധം ആവാം എന്ന് നിശ്ചയിച്ചത്. പാലക്കാട് എം.പി. എന്ന നിലയില്‍ ഞാനും കെ.സി.വേണുഗോപാലടക്കം കഴിയാവുന്നത്ര യു.ഡി.എഫ്.എം.പി.മാരോടും സംസാരിച്ചിരുന്നു. രാവിലെ 10.30 ന് എത്താമെന്ന് അവരെല്ലാം സമ്മതിച്ചതുമാണ്. അതനുസരിച്ച് മാധ്യമങ്ങള്‍ക്കെല്ലാം അറിയിപ്പ് കൊടുത്തതും സംയുക്ത പ്രതിഷേധം എന്നായിരുന്നു. 
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കൂടിയാണ് സംയുക്തപ്രതിഷേധം സംഘടിപ്പിച്ചത്.കോച്ച് ഫാക്ടറി വിഷയത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനം. മാത്രമല്ല, പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോച്ച്ഫാക്ടറിയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റെയില്‍ഭവനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തങ്ങളെ വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞവരാണിവര്‍. ഇപ്പോള്‍ ഉപചാരപൂര്‍വ്വം ക്ഷണിച്ചപ്പോഴുള്ള സ്ഥിതിയോ? ഇതിനുമുമ്പ്, മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കോച്ച് ഫാക്ടറി ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണാന്‍ ഒരുമിച്ചു പോകാന്‍ ക്ഷണിച്ചപ്പോഴും യു.ഡി.എഫ്.എം.പി.മാര്‍ പിന്‍മാറുകയാണ് ചെയ്തിട്ടുള്ളത്. ഇന്നത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എന്തെങ്കിലും അസൗകര്യമോ എതിര്‍പ്പോ അവസാന നിമിഷം വരെ അവര്‍ അറിയിച്ചിരുന്നുമില്ല. പങ്കെടുക്കുമെന്ന് പറഞ്ഞ് വിട്ടുനിന്നതിനെ കൊടിയ വഞ്ചനയായി മാത്രമേ കാണാനാവൂ. അല്ലെങ്കിലും കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഏറ്റവുമധികം വഞ്ചന കാട്ടിയിട്ടുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുകളായിരുന്നല്ലോ. അതേ പാത പിന്തുടരുന്ന മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കെന്ത് ധാര്‍മ്മിക അവകാശം? യു.ഡി.എഫ്.എം.പി.മാര്‍ അവസാന നിമിഷം പിന്‍മാറിയത് കോച്ച് ഫാക്ടറി കാര്യത്തില്‍ തങ്ങള്‍ കാണിച്ച വഞ്ചനയുടെ കുറ്റബോധം കൊണ്ടാവാനെ തരമുള്ളൂ. പക്ഷേ, ഞങ്ങളെയാരും വിളിച്ചില്ല, ഞങ്ങളോടാരും പറഞ്ഞില്ല, ഞങ്ങളൊന്നുമറിഞ്ഞില്ല എന്നിനി മിണ്ടിപ്പോകരുത്. നിങ്ങള്‍ തനി വഞ്ചകരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com