ചില്‍ ബസ് ഇനി കൂടുതല്‍ റൂട്ടുകളിലേക്ക്; ഓരോ മണിക്കൂറിലും സര്‍വീസ്: റൂട്ടുകള്‍ ഇങ്ങനെ

കെഎസ്ആര്‍ടിസി ചില്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ റൂട്ടുകളിലേക്ക്
ചില്‍ ബസ് ഇനി കൂടുതല്‍ റൂട്ടുകളിലേക്ക്; ഓരോ മണിക്കൂറിലും സര്‍വീസ്: റൂട്ടുകള്‍ ഇങ്ങനെ

കൊച്ചി: കെഎസ്ആര്‍ടിസി ചില്‍ ബസ് സര്‍വീസുകള്‍ കൂടുതല്‍ റൂട്ടുകളിലേക്ക്. പരീക്ഷണയോട്ടം നടത്തിയ എറണാകുളം-തിരുവനന്തപുരം (ആലപ്പുഴ വഴി), എറണാകുളം-കോഴിക്കോട് എന്നീ റൂട്ടുകള്‍ക്കു പുറമേ എറണാകുളം- തിരുവനന്തപുരം (കാഞ്ഞിരമറ്റം, കോട്ടയം, കൊട്ടാരക്കര വഴി) എറണാകുളം -കുമളി (മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, മുണ്ടക്കയം വഴി), എറണാകുളം-കോഴിക്കോട് (തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം വഴി), എറണാകുളം - മൂന്നാര്‍ (ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, അടിമാലി വഴി) എന്നിവയാണു പുതിയ ചില്‍ ബസ് റൂട്ടുകള്‍.

കോട്ടയം വഴിയുള്ള തിരുവനന്തപുരം സര്‍വീസ് രാവിലെ 5.30 മുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10.30നു ശേഷം 12.30, 3.30 എന്നിങ്ങനെയാണു സര്‍വീസ് നടത്തുക. കോട്ടയത്തുനിന്നു വൈക്കം വഴി ഏതാനും ബസുകളുണ്ടെങ്കിലും ദൂരം കുറവുള്ള കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി എറണാകുളത്തേക്കു വിരലിലെണ്ണാവുന്ന സര്‍വീസുകളാണു കെഎസ്ആര്‍ടിസിക്കുള്ളത്. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടിലേക്കാണു എസി ലോ ഫ്‌ലോര്‍ ബസുകളുമായി കെഎസ്ആര്‍ടിസി കടക്കുന്നത്. എംസി റോഡിലെ വിവിധ ഡിപ്പോകള്‍ക്കും ഇതോടെ ആവശ്യത്തിന് എറണാകുളം ബസുകള്‍ ലഭിക്കും.

ആലപ്പുഴ വഴിയും കോട്ടയം വഴിയും സര്‍വീസുകള്‍ വന്നതോടെ അരമണിക്കൂര്‍ ഇടവിട്ടു കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു പുലര്‍ച്ചെ അഞ്ച് മുതല്‍ എസി ലോ ഫ്‌ലോര്‍ ബസുകള്‍ ലഭിക്കും. തൃശൂര്‍, പാലക്കാട് വഴിയുള്ള കോഴിക്കോട് സര്‍വീസുകള്‍ എല്ലാ രണ്ടു മണിക്കൂര്‍ ഇടവേളകളിലുണ്ടാകും. രാവിലെ 4.30 മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ അഞ്ചിനു തുടങ്ങുന്ന കുമളി സര്‍വീസ് മൂന്നു മണിക്കൂര്‍ ഇടവേളകളിലാണുളളത്. കിഴക്കന്‍ േമഖലകളിലുള്ള യാത്രക്കാര്‍ക്കു സര്‍വീസ് ഏറെ ഉപകാരപ്പെടും.

മൂന്നാറിലേക്കു നാലു സര്‍വീസാണു ചില്‍ ബസിനുളളത്. രാവിലെ 6.00, 10.30, വൈകിട്ട് 4.00, 5.30 എന്നിങ്ങനെയാണു സര്‍വീസുകള്‍. നേരത്തെ ആരംഭിച്ച ഒരു മണിക്കൂര്‍ ഇടവേളകളിലുള്ള കോഴിക്കോട് (കൊച്ചി വിമാനത്താവളം, തൃശൂര്‍ വഴി) തിരുവനന്തപുരം സര്‍വീസുകളും ഇന്നലെ മുതല്‍ സ്ഥിരപ്പെടുത്തിയതായി കെഎസ്ആര്‍ടിസി മധ്യമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.ടി. സുകുമാരന്‍ പറഞ്ഞു. കോഴിക്കോട് സര്‍വീസ് രണ്ടു റൂട്ടുകളില്‍ വന്നതോടെ തൃശൂര്‍ ഭാഗത്തേക്കു കൂടുതല്‍ എസി ബസുകള്‍ ലഭ്യമാക്കിയതായി സോണല്‍ ട്രാഫിക് മാനേജര്‍ വി.എം. താജുദ്ദീന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com